കൈകോർക്കാനൊരുങ്ങി ജോസ് ; മത്സരിക്കാൻ താൽപ്പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക സിപിഎമ്മിന് കൈമാറിയതായി സൂചന

ഇടതുമുന്നണിയുമായുള്ള ധാരണ ഔദ്യോഗികമായില്ലെങ്കിലും, ഒന്നിച്ചുമൽസരിക്കാനുള്ള നീക്കങ്ങൾ സജീവമാണ്
കൈകോർക്കാനൊരുങ്ങി ജോസ് ; മത്സരിക്കാൻ താൽപ്പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക സിപിഎമ്മിന് കൈമാറിയതായി സൂചന

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി കേരള കോൺ​ഗ്രസ് കൈകോർക്കാൻ അനൗദ്യോ​ഗിക ധാരണ. ഇതിന്റെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം മത്സരിക്കാൻ താൽപ്പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ സിപിഎം നേതൃത്വത്തിന് കൈമാറിയതായി സൂചന. 

ഇടതുമുന്നണിയുമായുള്ള ധാരണ ഔദ്യോഗികമായില്ലെങ്കിലും, ഒന്നിച്ചുമൽസരിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. മുന്നണിപ്രവേശത്തിന്റെ ആദ്യപടിയെന്നനിലയിൽ കേരള കോൺഗ്രസ്-എമ്മുമായുള്ള നീക്കുപോക്കാണ് സിപിഎം ലക്ഷ്യമിടുന്നത്. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതുവേണമെന്നാണ് ജോസ് വിഭാഗത്തിന്റെ താത്പര്യം.

കേരള കോൺഗ്രസ്-എമ്മിന്റെ കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗശേഷം ജോസ് കെ മാണി പാർട്ടി ജില്ലാപ്രസിഡന്റുമാരെ പ്രത്യേകം കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഓരോ തദ്ദേശസ്ഥാപനത്തിലും യുഡിഎഫിൽ നിന്ന് പാർട്ടി മത്സരിച്ച സീറ്റുകളും പുതിയതായി ആവശ്യപ്പെടുന്ന സീറ്റും സംബന്ധിച്ച പട്ടിക ജില്ലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ നിർദേശിച്ചത്. ഇത് പ്രാദേശികമായി സിപിഎം ഏരിയാ, ജില്ലാ സെക്രട്ടറിമാർക്കാണ് കൈമാറിയത്. 

കേരള കോൺ​ഗ്രസിന് കാര്യമായ വേരോട്ടമുള്ള കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കൂടുതൽ സീറ്റുകൾ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജോസ് വിഭാഗവുമായുള്ള ബന്ധത്തെ എതിർത്ത സിപിഐ നിലപാടിൽ അയവുവരുത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പാകുമ്പോഴേക്കും സഹകരണത്തിനുള്ള സമവായം മുന്നണിയിൽ കണ്ടെത്താൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com