ചോദ്യം ചോദിക്കുന്നവരെ അധിക്ഷേപിക്കുന്നു, മുഖ്യമന്ത്രി സ്വയം മാനസിക നില പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2020 12:38 PM |
Last Updated: 24th September 2020 12:38 PM | A+A A- |

തിരുവനന്തപുരം: താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യം ചോദിക്കുന്നവരെ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണ്. മുഖ്യമന്ത്രി സ്വയം മാനസിക നില പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതിയെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴും നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് പിണറായി പറഞ്ഞത്. ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പറഞ്ഞ വി.എസിനെതിരെയും അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പത്ര സമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കും. അത് സ്വാഭാവികമാണ്. മുഖ്യമന്ത്രി എന്നും മാധ്യമപ്രവര്‍ത്തകരുടെ മേല്‍ കുതിരകയറുകയാണ് ചെയ്തിട്ടുള്ളത്. സംസ്ഥാന ചരിത്രത്തില്‍ ഒരു ഭരണാധികാരിയും ഇതുപോലൊരു സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മം എന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.