ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ:  മുഖ്യമന്ത്രിയെയും ജലീലിനെയും വിമര്‍ശിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ മന്ത്രി കെടി ജലിലീനെ കുറിച്ചോ മുഖ്യമന്ത്രിയെ കുറിച്ചോ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ രീതിയില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ പൊതുരാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ ഏതെല്ലാം വിഷയം സ്വാഭാവികമായി പരാമര്‍ശിക്കുമോ അതിനപ്പുറം ഒരുചര്‍ച്ചയും ഉണ്ടായിട്ടില്ല. ദയവ് ചെയ്ത് ഞങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറയരുത്. ഇന്നലത്തെ ചില മാധ്യമവാര്‍ത്തകള്‍ക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

ഇടതുമുന്നണിയെ സംരക്ഷിക്കുക എന്ന രാഷ്ട്രീയ ചുമതലയാണ് സിപിഐ ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനെ ശക്തിപ്പെടുത്താനാണ് സിപിഐ പ്രവര്‍ത്തിക്കുന്നത്. ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ. ചില നയപരമായ പ്രശ്‌നങ്ങളില്‍ ഇടതുനിലപാടില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ തങ്ങള്‍ പരസ്യമായി പറയാറുണ്ട്. അത്  മുന്നണിയെ ശിഥിലീകരിക്കാനല്ലെന്നും കാനം പറഞ്ഞു. 

രാജ്യത്ത് ഭൂരിപക്ഷം ഉപയോഗിച്ച് സേച്ഛാധിപത്യം നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി സമരം നടക്കുമ്പോള്‍ ഇടതുമുന്നണിക്കെതിരെയാണോ ബിജെപിക്കെതിരെയാണോ സമരം നടത്തേണ്ടതെന്ന് കേരളത്തിലെ കോണ്‍ഗ്രസ് ആലോചിക്കണം. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കാണണമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കന്നതെന്നും കാനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com