എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോ​ഗസ്ഥന് കോവിഡ് ; കൊച്ചി ഓഫീസ് അടച്ചു ; സ്വർണക്കടത്ത് അന്വേഷണം വഴിമുട്ടി

തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോ​ഗസ്ഥന് കോവിഡ് ; കൊച്ചി ഓഫീസ് അടച്ചു ; സ്വർണക്കടത്ത് അന്വേഷണം വഴിമുട്ടി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോ​ഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി ഓഫീസ് പൂട്ടി. അണുനശീകരണം നടത്തുകയും ചെയ്തു. മുഴുവൻ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തി. ഇതോടെ സ്വർണക്കടത്ത് അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. 

സ്വർണക്കടത്ത്  അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.   ഇതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനിൽ പോയി. ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഫലം നെ​ഗറ്റീവാണ്. എന്നുവരെയാണ് ഓഫീസ് പൂട്ടിയിടുകയെന്നും ക്വാറന്റീനെന്നും വ്യക്തമല്ല. 

മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യംചെയ്യാൻ തയ്യാറെടുക്കവേയാണ് അന്വേഷണം മുടങ്ങിയത്. തെലങ്കാന സ്വദേശിയായ ഉദ്യോഗസ്ഥന് വെള്ളിയാഴ്ച ഓഫീസിൽനിന്ന് എത്തി രാത്രി ശക്തമായ പനി അനുഭവപ്പെട്ടു. ഞായറാഴ്ച ടെസ്റ്റ് നടത്തി തിങ്കളാഴ്ച പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.  ഈ ഉദ്യോഗസ്ഥൻ ഒറ്റയ്ക്കാണ് താമസം. ഭക്ഷണമെല്ലാം പുറമേനിന്നു വരുത്തിയാണ് കഴിക്കുന്നത്.

അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ചോദ്യംചെയ്തവരും ക്വാറന്റീനിൽ പോകണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഈ മാസം 9, 10, 11 തീയതികളിലായാണ് ബിനീഷ് കോടിയേരി, മന്ത്രി കെ.ടി. ജലീൽ എന്നിവരെ ഇ ഡി ചോദ്യംചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റു ചിലരെക്കൂടി അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com