നാലുമാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യക്കിറ്റ്; വിതരണം തുടങ്ങിയതായി മുഖ്യമന്ത്രി

88,42,000 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക
നാലുമാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യക്കിറ്റ്; വിതരണം തുടങ്ങിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം:  നാലു മാസത്തേക്കുകൂടി കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുളള നാലു മാസം ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ പരിപാടിയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഭക്ഷ്യക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം കുറിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

88,42,000 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക. കോവിഡ് പ്രതിസന്ധികാലത്ത് ഒരാളും പട്ടിണികിടക്കരുതെന്ന ഉറച്ച തീരുമാനം സര്‍ക്കാര്‍ എടത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും ഇതുപോലെ സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു  ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാനും ഓണം എല്ലാവര്‍ക്കും ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് അന്ന് 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 26 വിദ്യാര്‍ഥികള്‍ക്കും ഒരു ലക്ഷത്തോളം മത്സ്യ തൊഴിലാളികള്‍ക്കും ഒന്നരലക്ഷത്തോളം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് നല്‍കിയത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ കുടുംബങ്ങള്‍ക്കും നാലുമാസത്തേക്കുകൂടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടല പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പടെ എട്ടിന അവശ്യവസ്തുക്കളാണ് സപ്ലൈകോ തയ്യാറാക്കുന്ന ഈ ഭക്ഷ്യക്കിറ്റിലുണ്ടാകുക. ഇതിനൊപ്പം അരിയും മറ്റുനിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയില്‍ സപ്ലൈകോ കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ് എന്നീ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്നുണ്ട്. റേഷന്‍ കടകളിലൂടെ പതിവുപോലെ സൗജന്യ നിരക്കിലുളള റേഷനും നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com