പിടിച്ചെടുത്തത് നാലര ടിബി ഡാറ്റ, ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്തു; മൂന്നാം ചോദ്യം ചെയ്യല്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍

സ്വപ്‌നയുടെയും സന്ദീപിന്റെയും ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു
പിടിച്ചെടുത്തത് നാലര ടിബി ഡാറ്റ, ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്തു; മൂന്നാം ചോദ്യം ചെയ്യല്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ മൂന്നാം തവണയും ചോദ്യം ചെയ്യുന്നത്, പ്രതികളില്‍നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍. സ്വപ്‌നയുടെയും സന്ദീപിന്റെയും ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

ഇന്നു രാവിലെയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഐഎ ഓഫിസില്‍ എത്തിയത്. ഉച്ചയ്ക്കു ശേഷവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തെ തിരുവനന്തപുരത്തു വച്ചും പിന്നീട് കൊച്ചി ഓഫിസില്‍ വച്ചും അന്വേഷണ സംഘം ശിവശങ്കരനെ ചോദ്യം ചെയ്തിരുന്നു. 

പ്രതികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ടോണിക് ഉപകരണങ്ങളില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്തത് നാലര ടെറാ ബൈറ്റ് (ടിബി) ഡാറ്റയാണ്. മുഖ്യപ്രതികളായ സ്വപ്‌നയുടെയും സന്ദീപ് നായരുടെയും ഫോണുകളില്‍നിന്നു മാത്രം രണ്ടു ടിബി ഡാറ്റയാണ് എന്‍ഐഎ പരിശോധിച്ചത്.

സ്വപ്‌നയുടെയും സന്ദീപിന്റെയും ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയില്‍നിന്ന് സിഡാക്കിന്റെ സഹായത്തോടെ രണ്ടു ടിബി ഡാറ്റ പരിശോധിച്ചതായി എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആകെ 26 പേരെയാണ് സ്വര്‍ണക്കടത്തു കേസില്‍ പിടികൂടിയിട്ടുള്ളത്. ഇവരുടെ ഫോണ്‍, ലാപ്‌ടോപ്പ് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍നിന്ന് നാലര ടിബി ഡാറ്റ കണ്ടെടുത്തിട്ടുണ്ട്. ഒരു മാസമെടുത്താണ് ഇവ പരിശോധിച്ചത്. ഇവര്‍ ആരെയെല്ലാം ബന്ധപ്പെട്ടിരുന്നു എന്നതിന്റെ വിവരങ്ങള്‍ ഇതില്‍നിന്നു വ്യക്തമായിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു.

സ്വപ്‌നയുടെയും സന്ദീപിന്റെയും ഫോണില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ചില ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇതില്‍ മിക്കതും തിരിച്ചെടുത്തു പരിശോധിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ എന്‍ഐഎ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്വപ്‌ന ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയില്‍ വിട്ടത്.

അറസ്റ്റിലായ ഇരുപത്തിയാറു പേരില്‍നിന്നായി 40 ഡിജിറ്റല്‍ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. വാട്ട്‌സ് ആപ്പ്, ടെലിഗ്രാം എന്നിവ വഴിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. ഈ സന്ദേശങ്ങള്‍ തിരിച്ചെടുത്തു പരിശോധിച്ചതായി എന്‍ഐഎ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com