കുഞ്ഞിനെ അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞ് ഓട്ടോയില്‍ നിന്ന് ഇറങ്ങി, കാണാതായി; പൊലീസിനോട് കളളം മാറ്റിമാറ്റി പറഞ്ഞു

കുഞ്ഞിനെ അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞ് ഓട്ടോയില്‍ നിന്ന് ഇറങ്ങി, കാണാതായി; പൊലീസിനോട് കളളം മാറ്റിമാറ്റി പറഞ്ഞു

പാച്ചല്ലൂരില്‍ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ്

തിരുവനന്തപുരം: പാച്ചല്ലൂരില്‍ നൂലുകെട്ട് ദിവസം കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ്. കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് പിതാവ് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് തിരുവല്ലം പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയാണ് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണന്‍ 40 ദിവസം മാത്രം പ്രായമുളള പിഞ്ചു കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. തിരുവല്ലത്തുളള അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്. കുഞ്ഞിനെ കാണാതായതോടെ,ട്രാഫിക് വാര്‍ഡന്‍ കൂടിയായ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നൂല് കെട്ട് ദിനമായ ഇന്നലെ നെടുമങ്ങാട്ടുളള വീട്ടിലായിരുന്നു കുടുംബം. തുടര്‍ന്ന് അമ്മയെ കാണിക്കാന്‍ എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൊണ്ട് ഉണ്ണികൃഷ്ണന്‍ പോയത്. കൂടെ ഭാര്യയും ഉണ്ടായിരുന്നു. തിരുവല്ലത്തേയ്ക്കുളള യാത്രയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ഉണ്ണികൃഷ്ണന്‍ അമ്മയെ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു. കുറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുഞ്ഞിന്റെ അമ്മയുടെ രണ്ടാം വിവാഹമാണിത്. ഉണ്ണികൃഷ്ണന്റെ വീട്ടുകാരുമായി കുഞ്ഞിന്റെ അമ്മയ്ക്ക് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് അമ്മൂമ്മ ചന്ദ്രിക മാധ്യമങ്ങളോട് പറഞ്ഞു. ഗര്‍ഭിണിയായതോടെ ഭാര്യയുമായി ഉണ്ണികൃഷ്ണന്‍ നല്ല സ്‌നേഹത്തിലായിരുന്നു. അതുകൊണ്ട് ഓട്ടോറിക്ഷയില്‍ നിന്ന് കുഞ്ഞിനെയും എടുത്ത് പോയപ്പോള്‍ സംശയം തോന്നിയില്ലെന്ന് ഭാര്യയുടെ പരാതിയി്ല്‍ പറയുന്നു.

കുഞ്ഞിനെ കാണാതായ സമയത്ത് ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ റോഡില്‍ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയില്‍ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണനെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് സത്യാവസ്ഥ പുറത്തുവന്നതെന്നും പൊലീസ് പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഉണ്ണികൃഷ്ണന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com