കോവിഡ് പരിശോധനയ്ക്ക് എത്തിയ ഭാരത് പെട്രോളിയം പമ്പ്‌ ജീവനക്കാര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫറെ ക്രൂരമായി മര്‍ദ്ദിച്ചു

കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രം പകര്‍ത്തിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ക്ക് നേരെ ഭാരത് പെട്രോളിയം പമ്പ്‌ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം
കോവിഡ് പരിശോധനയ്ക്ക് എത്തിയ ഭാരത് പെട്രോളിയം പമ്പ്‌ ജീവനക്കാര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫറെ ക്രൂരമായി മര്‍ദ്ദിച്ചു

കൊച്ചി: കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രം പകര്‍ത്തിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ക്ക് നേരെ ഭാരത് പെട്രോളിയം പമ്പ്‌ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. കൊച്ചി ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ആല്‍ബിന്‍ മാത്യുവിന് നേരെയാണ് ഹൈക്കോടതിക്ക് സമീപത്തുള്ള പമ്പിലെ ജീവനക്കാര്‍ മര്‍ദ്ദനം അഴിച്ചുവിട്ടത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ആല്‍ബിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘം ആല്‍ബിന്റെ ക്യാമറയും മൊബൈല്‍ ഫോണും അടിച്ചുതകര്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പമ്പ് അടച്ചിരുന്നു. ഇതിന് പിന്നാലെ പമ്പിലെ ജീവനക്കാരുടെ സാമ്പിള്‍ പരിശോധിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ വെളളിയാഴ്ച പമ്പില്‍ എത്തിയിരുന്നു. ഈ ചിത്രം പകര്‍ത്തുന്നതിനിടെയാണ് പരിശോധനയ്ക്കായി എത്തിയ ജീവനക്കാര്‍ കൂട്ടമായെത്തി ആല്‍ബിനെ മര്‍ദ്ദിച്ചത്. സാമ്പിള്‍ പരിശോധനയ്ക്ക് വിധേയാരാവാന്‍ എത്തിയ ജീവനക്കാരാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഗുണ്ടാവിളയാട്ടം നടത്തിയത്. ആല്‍ബിന്റെ മാസ്‌കും ഗ്ലൗസും  ഇവര്‍ വലിച്ചുകീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ഇതിനിടെ ഈ വഴി പോയ പൊലീസ് സംഘം ആല്‍ബിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഐപിസി 143.149, 323, 427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com