പിടിയിലായതിന് പിന്നാലെ കോവിഡ് കെയർ സെന്ററിൽ നിന്ന് 'ഡ്രാക്കുള സുരേഷ്' വീണ്ടും രക്ഷപ്പെട്ടു; ഒപ്പം മറ്റൊരു പ്രതിയും

പിടിയിലായതിന് പിന്നാലെ കോവിഡ് കെയർ സെന്ററിൽ നിന്ന് 'ഡ്രാക്കുള സുരേഷ്' വീണ്ടും രക്ഷപ്പെട്ടു; ഒപ്പം മറ്റൊരു പ്രതിയും
പിടിയിലായതിന് പിന്നാലെ കോവിഡ് കെയർ സെന്ററിൽ നിന്ന് 'ഡ്രാക്കുള സുരേഷ്' വീണ്ടും രക്ഷപ്പെട്ടു; ഒപ്പം മറ്റൊരു പ്രതിയും

കൊച്ചി: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ശേഷം പിടിയിലായ കുപ്രസിദ്ധ മോഷണക്കേസ് പ്രതി 'ഡ്രാക്കുള സുരേഷ്' എന്ന വടയമ്പാടി ചെമ്മല കോളനി കുണ്ടോലിക്കുടി വീട്ടിൽ സുരേഷ് (38) കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്ന് വീണ്ടും രക്ഷപ്പെട്ടു. ഇത്തവണ കൂട്ടാളിയോടൊപ്പമാണ് ഇയാൾ ചാടിപ്പോയിരിക്കുന്നത്. തലശ്ശേരി കതിരൂർ പൊന്ന്യംവെസ്റ്റ് അയ്യപ്പമഠം നാലാം മൈൽ റോസ് മഹൽ വീട്ടിൽ മിഷാൽ (22) ആണ് തടവു ചാടിയത്. അങ്കമാലി കറുകുറ്റിയിലെ കോവിഡ് സെൻററിൽ നിന്നാണ് ഇരുവരും രക്ഷപ്പെട്ടത്.

പെരുമ്പാവൂർ തണ്ടേക്കാടുള്ള കച്ചവട സ്ഥാപനത്തിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ ബുധനാഴ്ചയാണ് സുരേഷ് അറസ്റ്റിലായത്. തുടർന്ന് രാത്രിയോടെ പൊലീസ് മറ്റൊരു കേസിലെ പ്രതിയെയും സുരേഷിനെയും കറുകുറ്റിയിലെ കോവിഡ് സെൻററിലേക്ക് എത്തിച്ചപ്പോഴാണ് കുതറി പൊലീസിനെ തള്ളിയിട്ട് ഓടിമറഞ്ഞത്. ബുധനാഴ്ച സുരേഷ് മാത്രമാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചയോടെ പെരുമ്പാവൂർ മേപ്രത്ത് നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.

ആദ്യ അനുഭവം ആവർത്തിക്കാതിരിക്കാൻ പകൽ സമയത്താണ് പ്രതിയെ വീണ്ടും കറുകുറ്റിയിലെത്തിച്ചത്. എളമക്കരയിൽ ബൈക്ക് മോഷണക്കേസിൽ റിമാൻഡിലായതിനെ തുടർന്നാണ് മിഷാലിനെ കോവിഡ് സെൻററിൽ പാർപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് പ്രതികളും മുറിയുടെ വാതിൽ തകർത്ത് കോൺക്രീറ്റ് കെട്ടിടത്തിന് മുകളിൽ കയറി അതിവിദ​ഗ്ധമായി ചാടി രക്ഷപ്പെടുകയായിരുന്നു.

രണ്ട് പേരും നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി പൊലീസ് ഊർജിത തിരച്ചിൽ ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com