ആക്ടിവ് കേസുകളില്‍ തമിഴ്‌നാടിനെ മറികടന്ന് കേരളം; ഒക്ടോബര്‍ പകുതി വരെ തീവ്രമായ രോഗവ്യാപനത്തിനു സാധ്യത

ആക്ടിവ് കേസുകളില്‍ തമിഴ്‌നാടിനെ മറികടന്ന് കേരളം; ഒക്ടോബര്‍ പകുതി വരെ തീവ്രമായ രോഗവ്യാപനത്തിനു സാധ്യത
ആക്ടിവ് കേസുകളില്‍ തമിഴ്‌നാടിനെ മറികടന്ന് കേരളം; ഒക്ടോബര്‍ പകുതി വരെ തീവ്രമായ രോഗവ്യാപനത്തിനു സാധ്യത

തിരുവനന്തപുരം: കോവിഡ് ആക്ടിവ് കേസുകളുടെ എണ്ണത്തില്‍ കേരളം അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനെ മറികടന്നു. നിലവില്‍ കേരളത്തിലെ ആക്ടിവ് കേസുകള്‍ 48,892 ആണ്. തമിഴ്‌നാട്ടിനേക്കാള്‍ 2506 എണ്ണം കൂടുതലാണിത്.

ഇന്നലെ തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തിലെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ആറായിരത്തിനു മുകളില്‍ എത്തി. 6477 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 6131 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

കോവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കൂടുതല്‍ കാര്‍ക്കശ്യമുള്ള നിലപാടു സ്വീകരിക്കുന്നതുകൊണ്ടാവാം കേരളത്തില്‍ ആക്ടിവ് കേസുകള്‍ കൂടുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പരിശോധനയില്‍  നെഗറ്റിവ് എന്നു കണ്ടെത്തുന്നവരെയാണ് രോഗമുക്തി നേടിവരായി കേരളത്തില്‍ കണക്കാക്കുന്നതെന്ന് സംസ്ഥാന കോവിഡ് മാനേജമെന്റ് വിദഗ്ധ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ബി ഇക്ബാല്‍ പറഞ്ഞു. ഐസിഎംആറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പോസിറ്റിവ് ആയ ഒരാളെ പത്തു ദിവസത്തിനു ശേഷവും ലക്ഷണങ്ങളില്ലെങ്കില്‍ കോവിഡ് മുക്തി നേടിയതായി കണക്കാക്കാം. ഈ വ്യത്യാസം മൂലം കേരളത്തില്‍ ഒരാളുടെ ശരാശരി ചികിത്സാ കാലയളവ് രണ്ടാഴ്ചയോളമാണ്. പല സംസ്ഥാനങ്ങളിലും ഇത് രണ്ടു ദിവസമാണെന്ന് ഇക്ബാല്‍ ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ പകുതി വരെ കേരളത്തില്‍ കേസുകള്‍ കൂടാനാണ് സാധ്യത എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞ ഘട്ടത്തിലാണ് കേരളത്തില്‍ തീവ്രമായത്. ഇത് ഏതാനും ആഴ്ചകള്‍ കൂടി തുടരുമെന്നാണ് വകുപ്പ് വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com