പാലാരിവട്ടം പാലം പൊളിക്കല്‍ തിങ്കളാഴ്ച തുടങ്ങും, ഗതാഗതത്തെ ബാധിക്കില്ല, പുതിയ പാലം എട്ടു മാസത്തിനകം

പാലം പൊളിക്കുന്നതിനോട് അനുബന്ധിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ വരുത്തുമോയെന്നു വ്യക്തമല്ല
പാലാരിവട്ടം പാലം പൊളിക്കല്‍ തിങ്കളാഴ്ച തുടങ്ങും, ഗതാഗതത്തെ ബാധിക്കില്ല, പുതിയ പാലം എട്ടു മാസത്തിനകം

കൊച്ചി: നിര്‍മാണ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പുതുക്കിപ്പണിയാന്‍ നിശ്ചയിച്ച പാലാരിവട്ടം മേല്‍പ്പാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും. ഗതാഗതത്തെ ബാധിക്കാത്ത വിധത്തില്‍ പാലം പൊളിച്ചുമാറ്റുമെന്നാണ് അധികൃതരുടെ അവകാശവാദം. എട്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാവുമെന്ന്, മേല്‍നോട്ട ചുമതലയുള്ള ഡിഎംആര്‍സി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഡിഎംആര്‍സിയുടെയും നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തിങ്കളാഴ്ച പാലം പൊളിച്ചു തുടങ്ങാന്‍ തീരുമാനമായത്. പാലം പൊളിക്കുന്നതിനോട് അനുബന്ധിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ വരുത്തുമോയെന്നു വ്യക്തമല്ല. പാലം പൊളിക്കുന്നത് ഗതാഗതത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നത്.

പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്നും എട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കാമെന്നും ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പാലം പൊളിച്ചുപണിയാന്‍ സുപ്രീം കോടതി കഴിഞ്ഞയാഴ്ച സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം പുതിയ പാലം പണിയാമെന്നുള്ള നടപടികളിലേക്ക് കടക്കാമെന്നും ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ചെന്നൈ ഐഐടിയുടെ പഠനം, ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com