'മാണി സാറിനോട് സിപിഎം മാപ്പുപറയുക' ; സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

ഇനിയെങ്കിലും കെ എം മാണിയോടും, പൊതുസമൂഹത്തോടും സിപിഎം നിരുപാധികം മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
'മാണി സാറിനോട് സിപിഎം മാപ്പുപറയുക' ; സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം :  കെ എം മാണി നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ടാണ് കേരളത്തില്‍ ഉടനീളം സമരം നടത്തിയതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സിപിഎം മാപ്പുപറയണമെന്ന ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്യാംപെയ്ന്‍ ആരംഭിച്ചു. 

'മാണി സാറിനോട് സിപിഎം മാപ്പുപറയുക' എന്ന ഓണ്‍ലൈന്‍ ക്യാംപെയ്‌നാണ് ആരംഭിച്ചത്. ക്യാംപെയ്‌ന്റെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ ഫെയ്‌സ്ബുക് പ്രൊഫൈല്‍ ഫ്രെയിമില്‍ ഈ ആവശ്യം ഉന്നയിച്ചു.

കെ എം മാണിയോട് സിപിഎം മാപ്പ് പറയണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കണമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടിയാണ് ഇന്നലെ കെപിസിസി യോഗത്തില്‍ മുന്നോട്ടു വെച്ചത്. നേതാക്കളെല്ലാം ഇക്കാര്യം ഉടന്‍ അംഗീകരിച്ചു. ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം കഴിയാവുന്നിടത്തെല്ലാം പയറ്റി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിക്കുമോ എന്നു ഗവേഷണം നടത്തുകയാണ് സിപിഎം ചെയ്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കേരളം സ്‌നേഹിച്ച കെ എം മാണിയെ നാട് മുഴുവന്‍ നടന്നു തേജോവധം ചെയ്യുമ്പോളും അദ്ദേഹം നിരപരാധിയാണെന്ന കാര്യം തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ് എ വിജയരാഘവന്‍ വെളിപ്പെടുത്തിയത്. ഈ സത്യം അറിഞ്ഞുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം അക്രമങ്ങളും സമരങ്ങളും അഴിച്ചു വിട്ടത് എന്തിനായിരുന്നു എന്ന് കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ ബോധിപ്പിക്കാനുള്ള ബാധ്യത LDFന് ഉണ്ട്.

ഇനിയെങ്കിലും കെ എം മാണിയോടും, പൊതുസമൂഹത്തോടും സിപിഎം നിരുപാധികം മാപ്പ് പറയണം. ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെ എം മാണി നിരപരാധിയാണെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും, നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടില്‍ ഉണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു എന്നുമുള്ള വിജയരാഘവന്റെ വെളിപ്പെടുത്തല്‍ മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ഉമ്മന്‍ചാണ്ടിയും അഭിപ്രായപ്പെട്ടിരുന്നു. 

ഇടതുമുന്നണി മാണിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മാപ്പു പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ബാര്‍കോഴയുടെ ഉപജ്ഞാതാവ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്. ബാര്‍കോഴക്കേസില്‍ കെ എം മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുര്‍ബലനാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഗൂഢാലോചനയാണെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com