ട്രെയിനിൽ പരിചയപ്പെട്ടയാളുടെ വീട്ടിൽ പൂജാരി ചമഞ്ഞെത്തി, ദിവസങ്ങളോളം താമസിച്ചു; തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ 

പൂജാരിയാണെന്നും  ക്ഷേത്രങ്ങളിൽ പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ടെന്നും വീട്ടുകാരെ പറഞ്ഞ്  വിശ്വസിപ്പിച്ചു
ട്രെയിനിൽ പരിചയപ്പെട്ടയാളുടെ വീട്ടിൽ പൂജാരി ചമഞ്ഞെത്തി, ദിവസങ്ങളോളം താമസിച്ചു; തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ 

ആലപ്പുഴ: ട്രെയിനിൽ പരിചയപ്പെട്ടയാളുടെ വീട്ടിൽ പൂജാരി ചമഞ്ഞ് താമസിച്ച് സാമ്പത്തിക തട്ടിപ്പു നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ഫൈസലിനെ (36) യാണ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫൈസൽ അറസ്റ്റിലായത്. 

ആലപ്പുഴയിലെ ചൂനക്കരയിലുള്ള വീട്ടിൽ സംശയകരമായ നിലയിൽ യുവാവ് വന്ന് പോകുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചൂനക്കര സ്വദേശിയായ യുവാവ് ചങ്ങനാശേരിയിൽ  പഠിക്കുമ്പോൾ കോളജിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഫൈസലിനെ പരിചയപ്പെട്ടത്. വിശാൽ നമ്പൂതിരി എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ പിന്നീട് കോമല്ലൂരിലെ യുവാവിന്റെ വീട്ടിൽ വരാൻ തുടങ്ങി. താൻ പൂജാരിയാണെന്നും  ക്ഷേത്രങ്ങളിൽ പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ടെന്നും ഫൈസൽ വീട്ടുകാരെ പറഞ്ഞ്  വിശ്വസിപ്പിച്ചു. ഇയാൾ വീട്ടിൽ വരുന്ന ദിവസങ്ങളിൽ മത്സ്യമോ മാംസമോ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ആറു ഭാഷകൾ അറിയാമെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു. 

വെള്ളമുണ്ട് മാത്രം ധരിക്കുന്ന ഫൈസൽ എപ്പോഴും ‘പൂണൂൽ’ ഇടുമായിരുന്നു. കഴിഞ്ഞ ഒന്നര ആഴ്ച ഫൈസൽ കോമല്ലൂരിലെ യുവാവിന്റെ വീട്ടിൽ കഴിഞ്ഞു. വീട്ടിലെ ആരാധനാസ്ഥലം പുതുക്കിപ്പണിയണമെന്ന ഫൈസലിന്റെ  ഉപദേശം അനുസരിച്ച് വീട്ടുകാർ പണി പൂർത്തിയാക്കി. ഇതിനിടെയാണ് യുവാവിന്റെ ജ്യേഷ്ഠന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് അൻപതിനായിരം രൂപ വാങ്ങിയത്. നേട്ടമുണ്ടാകാൻ ഏലസ് പൂജിച്ച് ധരിക്കണമെന്ന നിർദേശവും വീട്ടുകാർ അനുസരിച്ചു. വാട്സാപ്, ഫെയ്സ്ബുക് എന്നിവ ഉപയോഗിക്കുന്നത് ഈശ്വരകോപത്തിനിടയാക്കുമെന്നും വീട്ടുകാരെ ധരിപ്പിച്ചു. 

ഫൈസലിന്റെ പക്കൽ നിന്ന് പൊലീസ് ഏലസുകൾ കണ്ടെടുത്തു. രണ്ട് വർഷമായി ചെങ്ങന്നൂരിൽ താമസിച്ച് ഒരു വീട്ടിൽ കൃഷിപ്പണി ചെയ്യുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.  വിവാഹബന്ധം വേർപിരിഞ്ഞു കഴിയുന്ന ഇയാൾക്ക് ഒരു കുട്ടിയുണ്ട്. ഭാര്യയ്ക്കും കുട്ടിക്കും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2000 രൂപ ചെലവിനു നൽകുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com