പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് ഗൗരവത്തില്‍ കാണണം; പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം: എഐവൈഎഫ്

സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്നത് തടയാന്‍ നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് എഐവൈഎഫ്.
പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് ഗൗരവത്തില്‍ കാണണം; പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം: എഐവൈഎഫ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്നത് തടയാന്‍ നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് എഐവൈഎഫ്. സ്ത്രീത്വത്തെ അപമാനിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും സംഘവും നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് എഐവൈഎഫിന്റെ പ്രതികരണം. 

പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന പ്രതിഷേധം നടത്തിയവരുടെ ആരോപണം പരിശോധിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം  ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വ്യക്തികളെ അപമാനിക്കാനും കള്ളവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കാനും സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുകയാണ്. ഇത് തടയാന്‍ കഴിയാത്തത് പഴുതില്ലാത്ത  നിയമത്തിന്റെ അഭാവം കൊണ്ട് കൂടിയാണ്.- എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 

കേരളത്തിലെ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് എതിരെ യൂട്യൂബിലൂടെ ഉണ്ടായ പരാമര്‍ശം അങ്ങേയറ്റം വൃത്തികെട്ടതാണ്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല എന്ന കാര്യം ഏറെ ഗൗരവത്തില്‍ കാണണം. അപമാനിക്കപ്പെട്ടവര്‍ തന്നെ കുറ്റവാളിക്കെതിരെ രംഗത്ത് വരേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുകൂടാ. ഈ പ്രശ്‌നത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം. കുറ്റവാളിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്ന് എഐവൈഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com