മന്ത്രിപുത്രനൊപ്പമുള്ള ഫോട്ടോ മോര്‍ഫിങ്ങല്ല; കുടുംബാംഗങ്ങളും ഉണ്ടായിരുന്നു;ചിത്രമെടുത്തത് ദുബായ് ഹോട്ടലില്‍ നിന്ന്: സ്വപ്‌നയുടെ മൊഴി

ദൃശ്യം പകര്‍ത്തുമ്പോള്‍ മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കി
swapna_gold
swapna_gold

കൊച്ചി: മന്ത്രിയുടെ പുത്രനൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതല്ലെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ദുബായിലെ ഹോട്ടലില്‍ നിന്ന് സൗഹൃദ കൂട്ടായ്മയ്ക്കിടെ പകര്‍ത്തിയതാണെന്നുമാണ് വിശദീകരണം. ദൃശ്യം പകര്‍ത്തുമ്പോള്‍ മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കി.  

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തല്‍. രാഷ്ട്രീയ വിവാദമുണ്ടാക്കാന്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന ആരോപണം തള്ളുന്നതാണു മൊഴി. ചിത്രം കൃത്രിമമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

ദൃശ്യം പകര്‍ത്തുമ്പോള്‍ സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനൊപ്പം ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കി. കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതാണ്. സരിത്തിനും സന്ദീപ് നായര്‍ക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോള്‍ മന്ത്രിപുത്രനടക്കമുള്ളവര്‍ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതാണ്. സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ലാറ്റ് കേസില്‍ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ കൈപ്പറ്റിയ കമ്മിഷന്‍ തുകയില്‍ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചും എന്‍ഐഎ ആരാഞ്ഞു. ഇതില്‍ മന്ത്രിയുടെ മകനുമായി കമ്മിഷന്‍ ഇടപാടു നടന്നിട്ടില്ലെന്നും രാഷ്ട്രീയ നേതൃത്വത്തിലെ ആര്‍ക്കും പങ്കില്ലെന്നും സ്വപ്ന മൊഴി നല്‍കി. കമ്മിഷന്‍ ഇടപാടില്‍ ബന്ധമില്ലെന്ന മുന്‍നിലപാടില്‍ ശിവശങ്കറും ഉറച്ചു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com