ജലീലിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലില്‍ ?; കൈകളില്‍ വെടിമരുന്നിന്റെ അംശമില്ല ; തോക്കില്‍ നിന്നും  വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് 

ജലീലിന്റേത് എന്ന് പറഞ്ഞ് പൊലീസ് സമര്‍പ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല
ജലീലിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലില്‍ ?; കൈകളില്‍ വെടിമരുന്നിന്റെ അംശമില്ല ; തോക്കില്‍ നിന്നും  വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് 

കല്‍പ്പറ്റ : വയനാട് വൈത്തിരിയില്‍ റിസോര്‍ട്ടില്‍ വെച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെയാണെന്ന പൊലീസ് വാദം പൊളിയുന്നു. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു.  

ജലീലിന്റേത് എന്ന് പറഞ്ഞ് പൊലീസ് സമര്‍പ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല. ജലീലിന്റെ വലതു കയ്യില്‍ നിന്നും ശേഖരിച്ച സാംപിളിലും വെടിമരുന്നിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് ഹാജരാക്കിയ വെടിയുണ്ടകള്‍ എല്ലാം പൊലീസിന്‍രെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജലീല്‍ വെടിയുതിര്‍ത്തതു കൊണ്ടാണ് തിരിച്ച് വെടിവച്ചെതെന്നാണ് പൊലീസ് അന്ന് വിശദീകരിച്ചിരുന്നത്. 

ജലീലിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് പരിശോധന ഫലമെന്ന് സഹോദരന്‍ സി പി റഷീദ് പ്രതികരിച്ചു. വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ജലീലിനെ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ പലരും ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ കോടതിയെയും സമീപിച്ചിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്. 

കൊല്ലപ്പെട്ട ജലീലിന്റെ സമീപത്തു നിന്ന് കണ്ടെടുത്ത തോക്ക് ഉള്‍പ്പടെ സംഭവസ്ഥലത്തുണ്ടായിരുന്ന തോക്കുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത് നല്‍കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ തെളിവ് നശിപ്പിക്കലാകുമെന്നും കാണിച്ച് ജലീലിന്റെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. 

2019 മാര്‍ച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സിപി ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. രാത്രി ഒമ്പത് മണിയോടെ റിസോര്‍ട്ടില്‍ എത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടു. ഇത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തി മാവോയിസ്റ്റുകളെ നേരിടുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. 

തണ്ടര്‍ബോള്‍ട്ടും ഒപ്പം ഉണ്ടായിരുന്നു. റിസോര്‍ട്ടിലെ താമസക്കാരെ ഇവര്‍ ബന്ദികളാക്കിയെന്നും പൊലീസ് പറയുന്നു. റിസോര്‍ട്ടിനുളളിലെ മീന്‍കുളത്തിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോയിസ്റ്റ് കബനീദളത്തിന്റെ നേതാവ് സി പി മൊയ്തീന്റെ സഹോദരനാണ് ജലീല്‍. 2014 മുതലാണ് ജലീല്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം കൂടിയതെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com