പൂജ കഴിഞ്ഞ് പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി ; ഞായറാഴ്ച മുതല്‍  ഗതാഗതനിയന്ത്രണം, അണ്ടര്‍ പാസ് ക്രോസിങ് അനുവദിക്കില്ല-വിഡിയോ

ആദ്യഘട്ടത്തില്‍ 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ ടാറ് ഇളക്കി മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്
പൂജ കഴിഞ്ഞ് പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി ; ഞായറാഴ്ച മുതല്‍  ഗതാഗതനിയന്ത്രണം, അണ്ടര്‍ പാസ് ക്രോസിങ് അനുവദിക്കില്ല-വിഡിയോ

കൊച്ചി : കൊച്ചി പാലാരിവട്ടം പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. തുടര്‍ന്ന് രാവിലെ ഒമ്പതു മണിയോടെ പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ ടാറ് ഇളക്കി മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്. നാല് ദിവസം കൊണ്ട് ഈ ജോലി പൂര്‍ത്തിയാകും. 

തുടര്‍ന്ന് ഗര്‍ഡറുകള്‍ ഇളക്കി മാറ്റും. ഇത് പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ടര മാസത്തോളം എടുത്തേക്കും. ടാറിങ് പൂര്‍ണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനില്‍ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. ആറ് ഗര്‍ഡറുകള്‍ ചേര്‍ന്നതാണ് ഒരു സ്പാന്‍. രണ്ട് തൂണുകള്‍ക്കിടയില്‍ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാന്‍. ഡയമണ്ട് കട്ടര്‍ ഉപയോഗിച്ച് ഓരോ ഗര്‍ഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. 

ആദ്യം നീളത്തില്‍ മുറിക്കുന്ന കോണ്‍ക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും. പാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മുട്ടത്തുള്ള ഡിഎംആര്‍സി യാഡുകളിലേക്കാണ് മാറ്റുക. അതിന് ശേഷമാകും തൂണുകള്‍ ബലപ്പെടുത്തുന്ന നടപടികള്‍ ആരംഭിക്കുക. രാത്രിയും പകലും പാലം നിര്‍മ്മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 

ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. നവീകരണ ജോലികള്‍ക്കിടെ അവശിഷ്ടങ്ങള്‍ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാന്‍ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാല്‍ ഞായറാഴ്ച മുതല്‍ ഭാഗികമായ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു. 

അണ്ടര്‍ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല. സര്‍വീസ് രോഡുകളും അപ്രോച്ച് റോഡുകളും അതിവേഗം നന്നാക്കാനും തീരുമാനിച്ചു. ഡിഎംആര്‍സി, പൊലീസ്, ദേശീയപാതാ അതോറിറ്റി എന്നിവര്‍ രാവിലെ നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം. പൊളിക്കുന്ന ജോലികള്‍ക്ക് എടുക്കുന്ന സമയം, ബാരിക്കേഡുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അറിഞ്ഞശേഷം ക്രമീകരണം ഏര്‍പ്പെടുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com