പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു

മനഃശാസ്ത്രജ്ഞന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍, ജീവനകലാപരിശീലകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു.
പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു


തിരുവനന്തപുരം:  പ്രശസ്ത മനഃശാസ്ത്രജ്ഞനും കൗണ്‍സിലിങ് വിദഗ്ധനുമായിരുന്ന ഡോ പി എം മാത്യു വെല്ലൂര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരം കവടിയാര്‍ ചാരാച്ചിറയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കര കരിപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. 

മനഃശാസ്ത്രജ്ഞന്‍, അധ്യാപകന്‍, ഗ്രന്ഥകാരന്‍, ഗവേഷകന്‍, ജീവനകലാ പരിശീലകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. മദ്രാസ് വെല്ലൂര്‍ ക്രിസ്ത്യന്‍  മെഡിക്കല്‍ കോളജില്‍ അധ്യാപകന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരികെ കേരളത്തിലെത്തിയപ്പോള്‍ സര്‍വവിജ്ഞാനകോശത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു.

ദൃശ്യമാധ്യമങ്ങളില്‍ മനഃശാസ്ത്ര പരിപാടികളുടെ തുടക്കം ഡോ. പി എം മാത്യുവിലൂടെയായിരുന്നു.  മനഃശാസ്ത്രം, ബാലസാഹിത്യം, ചെറുകഥ, നര്‍മം തുടങ്ങിയ ശാഖകളിലായി ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഭാര്യ സൂസി മാത്യു, മക്കള്‍: ഡോ സജ്ജന്‍(ഒമാന്‍), ഡോ. റേബ(ലണ്ടന്‍), ലോല(ദുബായ്), മരുമക്കള്‍: ഡോ. ബീന, ലാലു വര്‍ഗീസ്, മാമന്‍ സാമുവേല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com