ബഫര്‍ സോണ്‍: ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും; കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി

ബഫര്‍ സോണ്‍: ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും; കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി

വനപ്രദേശങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണുകള്‍ സൃഷ്ടിക്കുന്ന കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്ന് വനം മന്ത്രി കെ രാജു

തിരുവനന്തപുരം: വനപ്രദേശങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണുകള്‍ സൃഷ്ടിക്കുന്ന കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്ന് വനം മന്ത്രി കെ രാജു. പട്ടികയില്‍ ജനവാസ കേന്ദ്രങ്ങള്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിച്ച ശേഷം കേന്ദ്രത്തിന് കൈമാറും. ഓരോ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടാണ് മാപ്പ് തയ്യാറാക്കിയത്. കര്‍ഷക സംഘടനകള്‍ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 

വനപ്രദേശങ്ങള്‍ക്ക് ചുറ്റും 10 കിലോമീറ്റര്‍ വരെ വിസ്തീര്‍ണത്തില്‍ ബഫര്‍ സോണുകള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. 

ബഫര്‍ സോണുകളില്‍ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സംരക്ഷിത വന പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പുറമ്പോക്ക് ഭൂമി, ജലാശയങ്ങള്‍, ടെറിറ്റോറിയല്‍ വനം ഡിവിഷനുകള്‍ക്ക് കീഴിലെ വനഭൂമി, സര്‍ക്കാര്‍ ഉടമസ്ഥതയിലെ തോട്ടങ്ങള്‍ എന്നിവ ബഫര്‍ സോണാക്കാമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരടില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com