റംസിയുടെ മരണം : നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം ; ഒക്ടോബര്‍ ആറ് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി 

കേസ് അന്വേഷണം ഡിജിപി പത്തനംതിട്ട എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു
റംസിയുടെ മരണം : നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം ; ഒക്ടോബര്‍ ആറ് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി 

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം. കൊല്ലം സെഷന്‍സ് കോടതിയാണ് നടിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിലാണ് കാമുകന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

റംസിയുടെ മരണത്തില്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചശേഷം പിന്‍മാറിയ കാമുകന്‍ പള്ളിമുക്ക് ഇഖ്ബാല്‍ നഗര്‍ സ്വദേശി ഹാരീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മരണത്തില്‍ ഹാരിസിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ മാതാപിതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മൂന്നുമാസം ഗര്‍ഭിണിയായിരിക്കെ, മഹല്ലുകമ്മിറ്റിയുടെ വ്യാജരേഖ തയ്യാറാക്കി റംസിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയത് സീരിയല്‍ നടിയുടെ നേതൃത്വത്തിലാണെന്നും കുടുംബം ആരോപിക്കുന്നു. ചോദ്യം ചെയ്യലിന് ശേഷം നടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

റംസിയുടെ കുടുംബത്തിന്‍രെ പരാതി പരിഗണിച്ച്, കേസ് അന്വേഷണം ഡിജിപി പത്തനംതിട്ട എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു. റംസിയുടെ വീട്ടുകാരെ നേരില്‍ കണ്ട എസ് പി സൈമണ്‍ അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റംസിയുടെ ആത്മഹത്യക്ക് പിന്നില്‍ സിരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെ  പങ്ക് വെളിപ്പെടുത്തുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.  

അന്വേഷണം ശരിയായ ദിശയിലല്ലെന്നും  വരന്‍ ഹാരീസ് മുഹമ്മദിന്റെ അമ്മയെയും  സഹോദരന്റെ ഭാര്യയും സീരിയല്‍ നടിയുമായ നടി ലക്ഷമി പ്രമോദിനും കേസില്‍ നിന്നും രക്ഷപ്പെടാന്‍ ലോക്കല്‍ പൊലീസ് അവസരം ഒരുക്കുകയാണെന്ന് കാണിച്ചായിരുന്നു റംസിയുടെ കുടുംബം ഡിജിപിക്ക് പരാതി നല്‍കിയത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com