ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നു; പമ്പയിലും നിലയ്ക്കലും ആന്റിജന്‍ ടെസ്റ്റ്, വിരിവെയ്ക്കാന്‍ അനുമതിയില്ല

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി തീര്‍ഥാടക വിലക്ക് നിലനില്‍ക്കുന്ന ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.
ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നു; പമ്പയിലും നിലയ്ക്കലും ആന്റിജന്‍ ടെസ്റ്റ്, വിരിവെയ്ക്കാന്‍ അനുമതിയില്ല

പത്തനംതിട്ട: കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി തീര്‍ഥാടക വിലക്ക് നിലനില്‍്ക്കുന്ന ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. പ്രവേശനം എങ്ങനെ സാധ്യമാക്കണമെന്നതിനെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം അറിയിച്ചു.

തുലാംമാസത്തോടെ ഭക്തരെ പരിമിതമായ തോതില്‍ പ്രവേശിപ്പിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. പഴയതുപോലെ ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് ഇതിനുളള സാഹചര്യമല്ല നിലനില്‍ക്കുന്നത്. വിര്‍ച്യൂല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂ. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കാന്‍ സാധിക്കൂ. സന്നിധാനത്ത് വിരിവെയ്ക്കാനും താമസത്തിനും അനുവദിക്കില്ല.പ്രവേശനത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്നതിനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതിക്ക് രൂപം നല്‍കിയതെന്നും എന്‍ വാസു പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയും ആരോഗ്യസെക്രട്ടറിയും അടങ്ങുന്ന സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമല തീര്‍ഥാടനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും എന്‍ വാസു പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ഥാടനം അനുവദിക്കുന്നതിനെ സംബന്ധിച്ച് ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഭക്തരുടെ പ്രവേശനം സാധ്യമാക്കുന്നതിന് വിശദമായ രൂപ രേഖ സമര്‍പ്പിക്കാനാണ് സമിതിയോട് നിര്‍ദേശിച്ചത്. കോവിഡ് രോഗികള്‍ ശബരിമലയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പമ്പയിലും നിലയ്ക്കലും ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനെ കുറിച്ച് ആലോചിച്ചതായും എന്‍ വാസു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com