കേരളത്തിലെ ആദ്യ ഐഎസ് കേസ്; സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം

ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ  യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്
കേരളത്തിലെ ആദ്യ ഐഎസ് കേസ്; സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ  യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. കഴിഞ്ഞ ദിവസം കേസില്‍ മൂവാറ്റുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഏഷ്യന്‍ സൗഹൃദ രാജ്യങ്ങള്‍ക്ക് എതിരെ യുദ്ധം ചെയ്യുക ,ഗൂഢാലോചന നടത്തുക ,തീവ്രവാദ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക ,അതിനു സഹായം ചെയ്യുക അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധി. ഐഎസിനായി ഭീകരാക്രമണങ്ങളില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം കേസില്‍ ഒരാള്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുന്നത്. 

തീവ്രവാദി അല്ലെന്നും സമാധാനത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി കോടതിയില്‍ പറഞ്ഞു. ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങള്‍ക്ക് എതിരെയോ യുദ്ധം  ചെയ്തിട്ടില്ലെന്നും സുബ്ഹാനി വാദിച്ചു.

 മുപ്പതാമത്തെ വയസ്സിലാണ് സുബ്ഹാനി തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നത്. 2014 ല്‍ ഐഎസിനൊപ്പം ചേര്‍ന്നു. ഒരു ഘട്ടത്തിലും അതില്‍ മനംമാറ്റം ഉണ്ടായിട്ടില്ല. അതുകൊണ്ട് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. 

തിരുനെല്‍വേലി താമസം ആക്കിയ മുവാറ്റുപുഴ സ്വദേശി സുബ്ഹാനി  ഹാജ മൊയ്തീന്‍ 2015 ഫെബ്രുവരിയിലാണ് ഐഎസില്‍ ചേര്‍ന്ന് ഇറാഖില്‍ പോയത് . 2015 സെപ്റ്റംബര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇറാഖ്, സിറിയ അടക്കം രാജ്യങ്ങളില്‍ പോയി  ആയുധ പരിശീലനം നേടി യുദ്ധം ചെയ്തു . കനകമല ഗൂഢാലോചനയില്‍ പങ്കാളി ആണെങ്കിലും സുബ്ഹാനി കേസില്‍ പ്രത്യേക വിചാരണ നടത്തുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com