സിബിഐയും സ്വപ്ന സുരേഷിലേക്ക്; പ്രധാന തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷ; കസ്റ്റഡിയിൽ ചോദ്യം ചെയ്യും

സിബിഐയും സ്വപ്ന സുരേഷിലേക്ക്; പ്രധാന തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷ; കസ്റ്റഡിയിൽ ചോദ്യം ചെയ്യും
സിബിഐയും സ്വപ്ന സുരേഷിലേക്ക്; പ്രധാന തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷ; കസ്റ്റഡിയിൽ ചോദ്യം ചെയ്യും

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷണത്തിൽ സ്വപ്ന സുരേഷിനെ ചോ​ദ്യം ചെയ്യാൻ സിബിഐ ഒരുങ്ങുന്നു. സ്വപ്‌നയിലൂടെയാകും പ്രധാന തെളിവുകൾ ലഭിക്കുകയെന്ന കണക്കുകൂട്ടലിൽ സ്വപ്‌നയെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ സിബിഐ അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകിയേക്കും.

ഫ്ളാറ്റ് നിർമാണത്തിൽ കരാറെടുത്ത യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്ന് സ്വപ്‌ന നേരത്തെ മൊഴി നൽകിയിരുന്നു. ധാരണാപത്രമനുസരിച്ച് നിർമാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നൽകുന്ന യുഎഇ റെഡ്ക്രസന്റും ചേർന്നാണ്. എന്നാൽ ഈ വ്യവസ്ഥ അട്ടിമറിച്ച് കോൺസൽ ജനറൽ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നു.

കോൺസൽ ജനറലിനെ മറയാക്കി ചിലർ കമ്മീഷൻ തട്ടുകയായിരുന്നെന്നാണ് സിബിഐയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് കോൺസൽ ജനറലുമായി അടുത്ത ബന്ധമുള്ള സ്വപ്‌നയുടെ നേതൃത്വത്തിലാകാം നടന്നിട്ടുള്ളത്. ഇതിൽ സ്വർണക്കടത്ത് സംഘത്തിലെ ചിലർക്കു ബന്ധമുണ്ടാകാമെന്നും സിബിഐ കരുതുന്നു.

റെഡ് ക്രസന്റ് നൽകിയ രണ്ടാം ഗഡുവിൽ 75 ലക്ഷം രൂപ സന്ദീപിന്റെ കമ്പനിയിലേക്ക് ബാങ്കു വഴിയാണ് കൈമാറിയത്. ഈ പണം സ്വദേശത്തും വിദേശത്തുമുള്ള ചില ഉന്നതർക്കു നൽകാനായിരുന്നെന്നും സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തുകേസിലും സ്വദേശത്തും വിദേശത്തുമുള്ള ചില പ്രമുഖർക്കു പങ്കുണ്ടെന്ന് കസ്റ്റംസും എൻഐഎയും കണ്ടെത്തിയിരുന്നു.

റെഡ്ക്രസന്റ് നൽകിയ ആദ്യ ഗഡു കമ്മീഷനായി മാറ്റിയതായി യൂണിടെക് എംഡിയും മൊഴി നൽകിയിരുന്നു. വിദേശത്തു നിന്നു വന്ന പണം ഉദ്ദേശത്തിനു വിരുദ്ധമായി ചെലവഴിച്ചതിനു തെളിവായാണ് സിബിഐ ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്.  ധാരണാപത്രത്തിൽ ഒപ്പിട്ട ലൈഫ് മിഷൻ സിഇഒയിൽ നിന്ന് അടുത്ത ദിവസം സിബിഐ വിവരങ്ങൾ തേടും. ചീഫ് സെക്രട്ടറിയിൽ നിന്ന് വടക്കാഞ്ചേരി ഫ്ളാറ്റുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐ തേടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com