ഡ്രൈവിംഗ് ലൈസന്‍സ് അടക്കമുള്ള വാഹന രേഖകള്‍ പോളികാര്‍ബണേറ്റ് കാര്‍ഡുകളാക്കി നല്‍കുമെന്ന് മുഖ്യമന്ത്രി

കേന്ദ്രീകൃത ഓണ്‍ലൈന്‍ വാഹന പരിശോധന സംവിധാനം അവസാന ഘട്ടത്തിലാണ്
ഡ്രൈവിംഗ് ലൈസന്‍സ് അടക്കമുള്ള വാഹന രേഖകള്‍ പോളികാര്‍ബണേറ്റ് കാര്‍ഡുകളാക്കി നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ പോളികാര്‍ബണേറ്റ് കാര്‍ഡ് അധിഷ്ഠിത സര്‍ട്ടിഫിക്കറ്റുകളായി നല്‍കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂര്‍, ഫറോക്ക്, ചടയമംഗലം, പത്തനാപുരം സബ് ആര്‍ടി ഓഫീസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രീകൃത ഓണ്‍ലൈന്‍ വാഹന പരിശോധന സംവിധാനം അവസാന ഘട്ടത്തിലാണ്. അപകട മരണ നിരക്ക് കുറയ്ക്കുന്നതിന് നടപ്പാക്കിയ സേഫ് കേരള പദ്ധതി ഫലപ്രദമാണ്. ഇതിന്റെ ഭാഗമായി 85 സ്‌ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 99 മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരെയും 255 അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെക്ക്‌പോസ്റ്റുകളില്‍ ചരക്ക് വാഹനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാനുള്ള ആര്‍ എഫ് ഐ ഡി സംവിധാനവും സ്‌റ്റേജ് ക്യാരേജുകളെ നിരീക്ഷിക്കുന്നതിന് ജി പി എസ് ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ സുതാര്യമായും വേഗത്തിലും സേവനം നല്‍കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്‌നസ് പരിശോധന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

ഒരു താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒരു ഓഫീസ് എങ്കിലും ഉണ്ടാവണമെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. സംസ്ഥാനത്ത് മൊത്തം 67 സബ് ആര്‍. ടി ഓഫീസുകളാണ് ഇപ്പോള്‍ ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയതായി 12 ആര്‍ ടി ഓഫീസുകള്‍ ആരംഭിച്ചു. ആര്‍ ടി ഓഫീസുകളുമായി ബന്ധപ്പെട്ട അഴിമതിക്ക് അറുതി വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്.  പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവങ്ങളില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com