പമ്പയില്‍ 100 രൂപ അടച്ച് സ്റ്റീല്‍ പാത്രത്തില്‍ വെള്ളം, പാത്രം ഏല്‍പ്പിക്കുമ്പോള്‍ പണം തിരികെ, നിശ്ചിത സമയത്ത് എത്തുന്നവര്‍ക്ക് പേപ്പര്‍ പ്ലേയ്റ്റില്‍ അന്നദാനം; ശബരിമല തീര്‍ഥാടനത്തില്‍ പുതുമകളേറെ   

പമ്പയില്‍ 100 രൂപ അടച്ച് സ്റ്റീല്‍ പാത്രത്തില്‍ വെള്ളം, പാത്രം ഏല്‍പ്പിക്കുമ്പോള്‍ പണം തിരികെ, നിശ്ചിത സമയത്ത് എത്തുന്നവര്‍ക്ക് പേപ്പര്‍ പ്ലേയ്റ്റില്‍ അന്നദാനം; ശബരിമല തീര്‍ഥാടനത്തില്‍ പുതുമകളേറെ   
പമ്പയില്‍ 100 രൂപ അടച്ച് സ്റ്റീല്‍ പാത്രത്തില്‍ വെള്ളം, പാത്രം ഏല്‍പ്പിക്കുമ്പോള്‍ പണം തിരികെ, നിശ്ചിത സമയത്ത് എത്തുന്നവര്‍ക്ക് പേപ്പര്‍ പ്ലേയ്റ്റില്‍ അന്നദാനം; ശബരിമല തീര്‍ഥാടനത്തില്‍ പുതുമകളേറെ   

തിരുവനന്തപുരം: തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി ഉടനെ മല ഇറങ്ങാനുള്ള രീതിയിലായും ഇത്തവണത്തെ മണ്ഡലം, മകര വിളക്കു തീര്‍ത്ഥാടനം ക്രമീകരിക്കുക. പമ്പയിലും സന്നിധാനത്തും തീര്‍ത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍  വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കുടിവെള്ള വിതരണത്തിന് പ്രത്യേക സംവിധാനമായിരിക്കും. 100 രൂപ പമ്പയില്‍ അടച്ച്  സ്റ്റീല്‍  പാത്രത്തില്‍ വെള്ളം വാങ്ങാം.  മടങ്ങി വന്ന്  പാത്രം ഏല്‍പ്പിക്കുമ്പോള്‍ തുക തിരികെ നല്‍കും. തീര്‍ത്ഥാടകര്‍ക്ക് നേരത്തെ ഉള്ളത് പോലെ വലിയ തോതിലുള്ള അന്നദാനം നടത്തില്ല. നിശ്ചിത സമയത്ത് വരുന്നവര്‍ക്ക് മാത്രം പേപ്പര്‍ പ്‌ളേറ്റില്‍ അന്നദാനം നല്‍കും.

സാനിറ്റേഷന്‍ സൊസൈറ്റി വഴി തമിഴ്‌നാട്ടിലെ തൊഴിലാളികളെ വിന്യസിച്ചായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍   ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി  തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച് എത്ര തൊഴിലാളികളെ ലഭ്യമാക്കണം എന്ന കാര്യം തീരുമാനിക്കും. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാല്‍ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും. കെ.എസ്.ആര്‍.ടിസി ബസില്‍ തീര്‍ത്ഥാടകര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് യാത്ര ചെയ്യുന്നതിന് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തും. തീര്‍ത്ഥാടകര്‍  മല കയറുമ്പോള്‍  മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതിന്റെ  ആരോഗ്യവശം ആരോഗ്യവകുപ്പ് പരിശോധിക്കും.

നെയ്യഭിഷേകത്തിനുള്ള നെയ്യ് ദേവസ്വം ബോര്‍ഡ് നിശ്ചയിക്കുന്ന സ്ഥലത്ത് ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാന്‍ പ്രത്യേക ക്രമീകരണം നടത്തുന്നത് പരിഗണിക്കും. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് നടത്തും. പമ്പ, എരുമേലി എന്നിവിടങ്ങളില്‍ സ്‌നാനഘട്ടങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്പ്രിംഗഌ/ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.

ഓരോ ദിവസവും നിശ്ചിത എണ്ണം തീര്‍ത്ഥാടകരെയാണ് പ്രവേശിപ്പിക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നല്‍കും.
ഓരോ സംസ്ഥാനത്ത് നിന്നും ദിനംപ്രതി എത്ര തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നത് ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,  വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യവകുപ്പ്   പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.  കൂടുതല്‍ വകുപ്പ് സെക്രട്ടറിമാരെ സമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കും. മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യമെങ്കില്‍ പ്രചരണാര്‍ത്ഥം ഉദ്യോഗസ്ഥരെ അയച്ച് ചര്‍ച്ചകള്‍ നടത്തും.

കോവിഡ് 19  രോഗ ബാധിതര്‍ തീര്‍ത്ഥാടനത്തിന് എത്തുന്നില്ലെന്ന് ഉറപ്പു വരുത്തും. ഇതിനായി  വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജന്‍ ടെസ്റ്റ് നടത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com