ശക്തമായ കാറ്റില്‍ രാമക്കല്‍മേട്ടിലെ സോളാര്‍ പാനലുകള്‍ വനത്തിലേക്ക് പറന്നുപോയി

ഇടുക്കി രാമക്കല്‍മേട്ടില്‍ സൗരോര്‍ജ പവര്‍ പ്ലാന്റിലെ നിരവധി സോളാര്‍ പാനലുകള്‍ ശക്തമായ കാറ്റില്‍ നശിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കട്ടപ്പന: ഇടുക്കി രാമക്കല്‍മേട്ടില്‍ സൗരോര്‍ജ പവര്‍ പ്ലാന്റിലെ നിരവധി സോളാര്‍ പാനലുകള്‍ ശക്തമായ കാറ്റില്‍ നശിച്ചു. കോടികള്‍ മുടക്കി സ്ഥാപിച്ച വൈദ്യുതി പദ്ധതിയിലെ സോളാര്‍ പാനലുകളാണ് കാറ്റില്‍ തമിഴ്നാട്ടിലെ വനമേഖലയിലേക്ക് പറന്നുപോയത്. പദ്ധതി പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. 

നെടുങ്കണ്ടത്തിനു സമീപം രാമക്കല്‍മേട് ആമപ്പാറ മലനിരകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളാണ് കാറ്റില്‍ പറന്നുപോയത്. കുറച്ച് പാനലുകള്‍ വനത്തില്‍നിന്ന് തിരിച്ച് എത്തിച്ചുവെങ്കിലും ഇവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ കാറ്റടിക്കുന്ന പ്രദേശത്ത് സോളാര്‍ പാനലുകള്‍ പറന്നുപോകാന്‍ കാരണം നിര്‍മാണത്തിലെ അശാസ്ത്രീയത ആണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അമ്പതിലധികം വരുന്ന പാനലുകള്‍ പറന്നുപോയതായി പ്രദേശവാസികള്‍ പറയുന്നു. അതേസമയം പറന്നുപോയ പാനലുകള്‍ക്ക് പകരം പുതിയവ സ്ഥാപിക്കുമെന്നാണ് അനര്‍ട്ട് അധികൃതര്‍ പറയുന്നത്. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേസമയം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി കണ്ടെത്തിയ കേരളത്തിലെ ഏക പ്രദേശമാണ് രാമക്കല്‍മേട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com