സ്റ്റെതസ്‌കോപ്പ് ധരിച്ച് ഡോക്ടര്‍ ചമഞ്ഞെത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ പിടിയില്‍

സ്റ്റെതസ്‌കോപ്പ് ധരിച്ച് ഡോക്ടര്‍ ചമഞ്ഞെത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുക്കം: ഡോക്ടര്‍മാര്‍ എന്ന വ്യാജേന കടകളില്‍ എത്തി മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ചാത്തമംഗലം വേങ്ങേരി മഠം ബബിന്‍ (20), ചാത്തമംഗലം ചോയി മഠത്തില്‍ ഷാഹുല്‍ ദാസ് (24) എന്നിവരാണ് അറസ്റ്റിലായത്. 

ഓര്‍ഫനേജ് റോഡിലുള്ള പ്രിന്റിങ് സ്ഥാപനം ഉള്‍പ്പെടെയുള്ള കടകളില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്. സ്റ്റെതസ്‌കോപ്പും ധരിച്ച് സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തി കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും കടയില്‍ എത്തിയത്. 

സീല്‍ നിര്‍മിക്കാനാണെന്ന് പറഞ്ഞ് എത്തിയ ഇരുവരും കടയില്‍ നിന്ന് തന്ത്രപൂര്‍വം മൂന്ന് മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ തന്നെ മുക്കത്തെ ഒരു തട്ടുകടയില്‍ നിന്ന് ഫോണുകള്‍ കവര്‍ന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതികളെ  പിടികൂടിയത്. പ്രതികളുടെ വീടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി.

കെട്ടാങ്ങല്‍ അങ്ങാടിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 10 മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍ നിന്നു കണ്ടെടുത്തു. ഇവര്‍ക്ക് ലഹരി മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ്, കുന്ദമംഗലം, തിരുവമ്പാടി പൊലീസ് സ്‌റ്റേഷനുകളില്‍ പൊലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ബബിനെന്നും പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറം ജില്ലയിലും കേസുണ്ട്. ഇന്‍സ്‌പെക്ടര്‍ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com