നരസിംഹ റാവു  മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക?;  കെടി ജലീലിന്റെ കുറിപ്പ്

ലോകം മുഴുക്കെ വേദനയോടെ നേര്‍കണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു
നരസിംഹ റാവു  മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക?;  കെടി ജലീലിന്റെ കുറിപ്പ്


തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്തതു മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമല്ലെന്നും ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നതായി തെളിവില്ലെന്നും ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധിയ്ക്ക് പിന്നാലെ വിമര്‍ശനവുമായിമന്ത്രി കെടി ജലീലിന്റെ കുറിപ്പ്. സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാന്‍ അഞ്ചേക്കര്‍ ഭൂമിയും ലഭ്യമാക്കി. ഇപ്പോഴിതാ ലോകം മുഴുക്കെ വേദനയോടെ നേര്‍കണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായചുണ്ടുപലകയാണ് ഇതെന്ന് ജലീല്‍ ഫെയസ്്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം

ത്രിവര്‍ണ്ണത്തില്‍ തകര്‍ത്തെറിഞ്ഞു
കാവിയില്‍ കത്തിച്ചാമ്പലായി
                                     
കറുപ്പും കാവിയും ഇടചേര്‍ന്ന പുറംചട്ടയുമായി 2006 ആഗസ്റ്റ് ഒന്നിനാണ് പെന്‍ഗ്വിന്‍ ബുക്‌സ് 'അയോദ്ധ്യ  ഡിസംബര്‍ 6, 1992' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്ന സമയത്ത് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് നരസിംഹ റാവുവാണ് ഗ്രന്ഥകര്‍ത്താവ്. മതനിരപേക്ഷതയുടെ കൂടി സൗധമായി ഗണിക്കപ്പെട്ടിരുന്ന ഒരു ചരിത്ര സ്മാരകം തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തി റാവു അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്; 'ഭാവി എന്റെ നിലപാട് ശരിവെയ്ക്കുമോയെന്ന് കണ്ടറിയണം. ശരിവെച്ചാല്‍ സന്തോഷം'. 
അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ സര്‍വ സന്നാഹങ്ങളെയും കാറ്റില്‍പറത്തി ബാബരി മസ്ജിദ് നിലംപരിശാക്കാന്‍ കഴിഞ്ഞു എന്ന ആത്മ വിശ്വാസമാണ് സംഘ്പരിവാരങ്ങളെ രാജ്യത്ത് ഇത്രപെട്ടന്ന് അധികാരത്തിലെത്തിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ ബി.ജെ.പി യുടെ അധികാര മോഹം പൂവണിയാന്‍ കുറേക്കൂടി പതിറ്റാണ്ടുകള്‍ അവര്‍ക്ക് കാത്തിരിക്കേണ്ടി വരുമായിരുന്നു. ആ 
കാലദൈര്‍ഘ്യം ചുരുക്കിക്കൊടുക്കാന്‍ കോണ്‍ഗ്രസ്സിനും അവരെ പിന്താങ്ങിയ മുസ്ലിംലീഗ് ഉള്‍പ്പടെയുള്ളവര്‍ക്കും സാധിച്ചുവെന്നതിന്റെ പേരിലാകും റാവുവും റാവുവിനെ പിന്തുണച്ചവരും ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ടാവുക. 
സുപ്രീംകോടതി വിധിയിലൂടെ പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങിക്കഴിഞ്ഞു. പുതിയ മസ്ജിദ് പണിയാന്‍ അഞ്ചേക്കര്‍ ഭൂമിയും ലഭ്യമാക്കി. ഇപ്പോഴിതാ ലോകം മുഴുക്കെ വേദനയോടെ നേര്‍കണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായചുണ്ടുപലകയാണ് ഇത്. 
ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്സിന് ഭവിച്ച തീരാനഷ്ടം കണ്ടും, ആര്‍.എസ്.എസിനും ബി.ജെ.പിക്കും കിട്ടിയ വന്‍ലാഭം കണ്‍കുളിര്‍ക്കെ ആസ്വദിച്ചും നരസിംഹ റാവു  മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക?
കോണ്‍ഗ്രസ്സിന്റെ വിഷലിപ്ത മതേതരത്വത്തെ തിരിച്ചറിയാന്‍ ഇനിയും മതേതരവാദികളും മത ന്യൂനപക്ഷങ്ങളും വൈകിയാല്‍ അവരെ കാത്തിരിക്കുന്നത് അനുഭവിച്ചതിനേക്കാള്‍ വലിയ ദുരന്തമാകും. കാലത്തിന്റെ മലമടക്കുകളില്‍ പാടിപ്പതിഞ്ഞ വരികളാണ് മനസ്സില്‍ തെളിയുന്നത്;
'മുന്നില്‍ നിന്ന് വെടിയുതിര്‍ത്താല്‍ പ്രതിരോധകവചം തീര്‍ക്കാം,
പിന്നില്‍ ചതിക്കുഴി തീര്‍ത്താലോ, 
അടിതെറ്റി നിപതിക്കലല്ലാതെ മറ്റെന്തുവഴി'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com