ലാവലിന്‍ കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി ; അടിയന്തര പ്രാധാന്യമുള്ള കേസെന്ന് സിബിഐ

ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക
ലാവലിന്‍ കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി ; അടിയന്തര പ്രാധാന്യമുള്ള കേസെന്ന് സിബിഐ

ന്യൂഡല്‍ഹി :  ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.  അടിയന്തര പ്രാധാന്യമുള്ള കേസാണെന്നും വേഗത്തില്‍ പരിഗണിക്കണമെന്നും സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് കോടതി പിരിയാന്‍ നേരത്താണ് തുഷാര്‍ മേത്ത ഇക്കാര്യം ആവശ്യപ്പെട്ടത്. 

അടുത്ത വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം പരിഗണിച്ച് ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ച്, കേസ് വ്യാഴാഴ്ച കേള്‍ക്കാമെന്ന് അറിയിച്ചു. ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2017 ഒക്ടോബറിലാണ് ലാവ്‌ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിരുന്നില്ല.  

കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സിബിഎയുടെ ഹര്‍ജി. കുറ്റപത്രം പൂര്‍ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലവില്‍ പ്രതി പട്ടികയിലുള്ളവര്‍ നല്‍കിയതാണ് മറ്റ് ഹര്‍ജികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com