കൊല നടത്തിയതിന് ശേഷം തോക്കുമായി കാട്ടിൽ, ഭയന്ന് നാട്ടുകാർ; ഭക്ഷണം കിട്ടാതെ അവശനിലയിൽ പ്രതിയെ കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2021 08:20 AM |
Last Updated: 01st April 2021 08:20 AM | A+A A- |
പ്രതീകാത്മക ചിത്രം
കണ്ണൂർ; അയൽവാസിയെ വെടിവച്ചു കൊന്നശേഷം കാട്ടിൽ ഒളിവിൽ പോയ പ്രതിയെ ആറ് ദിവസത്തിന് ശേഷം അവശനിലയിൽ കണ്ടെത്തി. വാടാതുരുത്തേൽ ടോമി ജോസഫാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ചെറുപുഴ ചേനാട്ടുക്കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യൻ എന്ന ബേബി (62)യെ ടോമി വെടിവച്ചു കൊന്നത്. തുടർന്ന് തോക്കുമായി കാട്ടിലേക്ക് കടന്ന ഇയാൾ നാട്ടുകാരെയും പൊലീസുകാരെയും ആശങ്കയിലാക്കിയിരുന്നു.
കാട്ടാനകൾ ഉൾപ്പെടെയുളള കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കർണാടക വനത്തിലേക്കാണ് ടോമി കടന്നത്. അതിനാൽ തിരച്ചിൽ നടത്താനാകാത്തത് പൊലീസിനു തിരിച്ചടിയായി. എന്നാൽ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും, പ്രതിയെ കണ്ടാൽ ഉടൻ വിവരം അറിയിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. ഭക്ഷണം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ഇയാൾക്ക് അധിക ദിവസം കാട്ടിൽ തങ്ങാനാവില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ചേനാട്ടുക്കൊല്ലിയ്ക്കു സമീപത്തെ തോട്ടിൽ അവശനിലയിലാണ് ടോമിയെ കണ്ടെത്തിയത്.
കഴിഞ്ഞ 6 ദിവസം വെള്ളവും മാങ്ങയും കഴിച്ചാണു ജീവൻ നിലനിർത്തിയത്. ഇതിനുപുറമേ വേറെ വസ്ത്രങ്ങൾ ഇല്ലാത്തതും, പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതും രക്ഷപ്പെടുന്നതിനു തടസ്സമായി. കൊലപാതകത്തിനു ശേഷം ടോമി വനത്തിൽ ഒളിവിൽ കഴിയുന്നത് പ്രദേശവാസികളെയും ഭയപ്പാടിലാക്കി.ഇയാളുടെ കൈയിൽ തോക്ക് ഉള്ളതാണു നാട്ടുകാരെ ആശങ്കയിലാക്കിയത്. രാത്രിയിൽ ഇയാൾ ഉപദ്രവിക്കുമോ എന്ന സംശയവും നാട്ടുകാർക്കുണ്ടായിരുന്നു.