മുല്ലപ്പള്ളി അമിത് ഷായുടെ കേന്ദ്രമന്ത്രിയായോ?; സര്‍ക്കാരിനെതിരെ പല ആയുധങ്ങളും അണിയറയില്‍ ഒരുങ്ങുന്നു; പിണറായി

വികസന വിരോധികളേയും വിവാദ പ്രചാരകരേയും  തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കി ജനം മൂലക്കിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു /ചിത്രം ഫെയ്‌സ്ബുക്ക്‌
പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു /ചിത്രം ഫെയ്‌സ്ബുക്ക്‌

കൊച്ചി: എല്‍ഡി.എഫിനെതിരെ വികസന വിരോധികള്‍ എല്ലാം കൂടി സംസ്ഥാനതല ഐക്യം ഉണ്ടായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ കേരളത്തിലെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നേയില്ല. ഓരോ മണിക്കൂറിലും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്? ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.  സംസ്ഥാനം നേടിയ വികസനം അട്ടിമറിക്കാന്‍ നോക്കുന്ന വികസന വിരോധികളേയും വിവാദ പ്രചാരകരേയും  തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കി ജനം മൂലക്കിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

കേരളമാണ് ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന്  ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി ഒരു സര്‍വെ നടത്തിയാണ് പ്രഖ്യാപിച്ചത്. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് കൈക്കൂലിയും അഴിമതിയും  കൂടുതലെന്നും  ആ സര്‍വെ പറയുന്നുണ്ട്. ആ കോണ്‍ഗ്രസിന്റെ   നേതാക്കളാണ് വികസനത്തില്‍ ബഹുകാതം മുന്നോട്ടുപോയ കേരളത്തില്‍ വന്നിട്ട് അഴിമതിയെക്കുറിച്ച് പറയുന്നത്.

ബൊഫോഴ്‌സ് മുതല്‍ 2ജി വരെയും  പാമോയില്‍ മുതല്‍ ടൈറ്റാനിയം വരെയുള്ള അഴിമതിക്കേസുകളില്‍പ്പെട്ട കൂട്ടരുടെ നേതാക്കളാണ്  കേരളത്തെ അഴിമതിയുടെ പേരില്‍ ആക്ഷേപിക്കുന്നത്.നാടിന്റെ വികസനം തടയുന്നതിനായി   കിഫ്ബിയും  ലൈഫ് പദ്ധതിയും  പൂട്ടിക്കുമെന്ന് പറഞ്ഞത് യുഡിഎഫിന്റെ കണ്‍വീനറാണ്. ആ യുഡിഎഫിന്റെ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇറക്കി വിടുകയാണ്. കിഫ്ബിക്കെതിരെ ഒന്നിനു പിറകെ ഒന്നായി അന്വേഷണ ഏജന്‍സികളെ ഇറക്കുന്നത് അതിന്റെ ഭാഗമാണ്.

കിഫ്ബിയെ തകര്‍ത്തിട്ട് നിങ്ങള്‍ എന്താണ് നേടാന്‍ ഉദ്ദേശിക്കുന്നത്.  ഇന്നാട്ടിലെ സ്‌കൂളുകളും റോഡുകളും ആശുപത്രികളും പാലങ്ങളും ഇനി വികസിക്കേണ്ടതില്ല എന്നാണോ.  അവര്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നവ പാലാരിവട്ടം പാലം പോലെ പൊളിഞ്ഞു പോയിട്ടുമുണ്ട്.

യുഡിഎഫും ബിജെപിയും ചേര്‍ന്നാണ് എല്‍ ഡിഎഫിനെ നേരിടുന്നത്. അവര്‍ തമ്മിലുള്ള ഐക്യം ഇപ്പോള്‍ തുടങ്ങിയതല്ല. പല കാര്യങ്ങളിലും ഒരേ പോലെ നില്‍ക്കുന്നവരാണവര്‍. ചരിത്രം നോക്കിയാല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു ശേഷം ഭരണമേധാവിത്വത്തിന്റെ ഒത്താശയോടെ രണ്ട് വംശഹത്യകളാണ് നടന്നിട്ടുള്ളത്. 1984ല്‍ ഡെല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സിഖുകാരെ കൊലപ്പെടുത്തിയതും 2002 ഗുജറാത്തില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിയതും.  ആ പാരമ്പര്യമുള്ളവര്‍  കേരളത്തില്‍ വന്ന് അക്രമത്തെക്കുറിച്ച് പറയുകയാണ്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നുനാലു മാസം കൊണ്ട് ആറ് കമ്യൂണിസ്റ്റുകാരെ കൊന്നുതള്ളിയവരാണ് ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങും മുമ്പ് അവര്‍ കണ്ണാടിയില്‍ നോക്കി സ്വന്തം മുഖം ഒന്ന് നോക്കണം. സമീപദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണംരംഗം പരിശോധിച്ചാല്‍ ഇടതുമുന്നണി നേതാക്കളെയും കുടുംബാംഗങ്ങളെയും നീചമായി കടന്നാക്രമിക്കുക. അത് മറ്റൊരു തന്ത്രമാണ്. ഇതിന് അഖിലേന്ത്യാ നേതാക്കളെ ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തയ്യാറാവുന്നത്. ഇവിടുത്തെ ജനങ്ങളെ കുറിച്ച് അറിയാത്തവര്‍ പറന്നിറങ്ങി സംസ്ഥാനനേതാക്കള്‍ പറയുന്നത് മൊഴിയുകയാണ് അവര്‍ ചെയ്യുന്നത്. 

മുല്ലപ്പള്ളി പഴയ കോണ്‍ഗ്രസിന്റെ സഹമന്ത്രിയായിരുന്നു. ഇപ്പോള്‍ അമിത് ഷായുടെ മന്ത്രിയായോ?. അന്ന് തന്നെ ക്രൂശിക്കാന്‍ കുറെ ശ്രമിച്ചതാ. അന്നും ഇന്നും പിണറായി വിജയന്‍ ഇങ്ങനെയുണ്ടല്ലോ?. ആഗഹത്തിന് അനുസരിച്ച് കാര്യങ്ങള്‍ നടത്തണമെങ്കില്‍ നിങ്ങള്‍ ആരെയാണോ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് പുറപ്പെടുന്നതെങ്കില്‍ അയാള്‍ കൂടി സഹായിക്കണം മുല്ലപ്പള്ളി സകല കഴിവും എടുത്തിട്ടും അത് കഴിയാതെ പോയി.  ആ ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താന്‍ നേക്കേണ്ട. അമിത്ഷായുടെ അടുത്ത് അത്രപിടിപാടുണ്ടെങ്കില്‍ നോക്ക് എന്ന് പിണറായി പറഞ്ഞു. 

ഇല്ലാത്ത വാര്‍ത്തകള്‍ കെട്ടിച്ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍  ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ പല ആയുധങ്ങളും അണിയറയില്‍ തയ്യാറാകുന്നുണ്ട്. ഇത്തരം കഥകള്‍കൊണ്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ആരോപണങ്ങള്‍ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം. പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണ സംഭാഷണങ്ങള്‍ എന്നിവ ഇപ്പോള്‍ തന്നെ പ്രചരിപ്പിക്കുന്നു. സംഘപരിവാറിന്റെ കൈപിടിച്ച് കേന്ദ്രഏജന്‍സികളുടെ അകമ്പടിയോടെ കേരളത്തിലെ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറിങ്ങിയ യുഡിഎഫിന് കേരള രാഷ്ട്രീയത്തിന് റോള്‍ തന്നെ ഇല്ലാതാവും', മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com