പ്രധാനമന്ത്രിയുടെ സന്ദർശനം; രാവിലെ 11 മുതൽ വൈകിട്ട് 3 വരെ കർശന ​ഗതാ​ഗത നിയന്ത്രണം, നിർദേശങ്ങൾ ഇങ്ങനെ

പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട നഗരസഭ സ്റ്റേഡിയം മുതൽ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വരെയുള്ള റൂട്ടിൽ പരമാവധി യാത്രകൾ ആളുകൾ ഒഴിവാക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പത്തനംതിട്ട കർശന ​ഗതാ​ഗത നിയന്ത്രണം. സന്ദർശനം നടക്കുന്ന നാളെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി അറിയിച്ചു.  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തുന്നത്. 

പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട നഗരസഭ സ്റ്റേഡിയം മുതൽ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വരെയുള്ള റൂട്ടിൽ പരമാവധി യാത്രകൾ ആളുകൾ ഒഴിവാക്കണം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു 3 വരെ കോന്നി ടൗൺ മുതൽ പൂങ്കാവ് വരെയുള്ള റോഡിൽ ഗതാഗതം കർശന നിയന്ത്രണത്തിൽ ആയിരിക്കും.

അബാൻ ജം​ഗ്‌ഷനിൽ നിന്ന് റിങ് റോഡ് വഴി ഡിപിഒ ജംക്‌ഷൻ, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ, സ്റ്റേഡിയം വഴി അടൂർ ഭാഗത്തേക്കും തിരിച്ചുള്ള വാഹനങ്ങൾ, സെന്റ് പീറ്റേഴ്‌സ് ജംക്‌ഷൻ, ഡിപിഒ ജംക്‌ഷൻ, റിങ് റോഡ് വഴി അബാൻ ജംക്‌ഷനിൽ കൂടി കുമ്പഴ, കോന്നി, പുനലൂർ ഭാഗത്തേക്കും പോകണം. തിരുവല്ല, ചെങ്ങന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ അബാൻ ജംക്‌ഷനിൽ നിന്ന് റിങ് റോഡ് വഴി ഡിപിഒ  ജംഗ്ഷൻ, സെന്റ് പീറ്റേഴ്‌സ്  ജംഗ്ഷൻ വഴി പോകണം. 

തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂർ, ആറന്മുള, റാന്നി മണ്ഡലങ്ങളിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പത്തനംതിട്ട, കുമ്പഴ, വെട്ടൂർ, കോന്നി സെൻട്രൽ ജം​ഗ്‌ഷനിലെത്തി ആനക്കൂടിന് സമീപത്തെ റോഡിൽ കൂടി ചപ്പാത്ത് പടിയിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ളാക്കൂർ റോഡിലേക്കുള്ള ജോളി ജം​ഗ്‌ഷന് മധ്യേയുള്ള ഭാഗത്ത് പാർക്ക് ചെയ്യണം. പരിപാടിക്ക് ശേഷം പൂങ്കാവ് വഴി തിരികെ പോകണം. 

പുനലൂർ, അടൂർ, കൊട്ടാരക്കര, പത്തനാപുരം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കോന്നി സെൻട്രൽ ജംക്‌ഷനിലെത്തി ഇളകൊള്ളൂർ വഴി തെങ്ങുംകാവ് ജംക്‌ഷനിലെത്തി പ്രവർത്തകരെ ഇറക്കിയ ശേഷം കുമ്പഴ പുനലൂർ റോഡിൽ പാർക്ക് ചെയ്യണം. പരിപാടിക്ക് ശേഷം പൂങ്കാവ് വഴി തിരികെ പോകണം. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്ത് പൂട്ടി പോവുകയാണെങ്കിൽ ഡ്രൈവറുടെയോ ഉടമസ്ഥന്റെയോ ഫോൺ നമ്പർ വാഹനത്തിന്റെ പുറത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്നും വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com