45 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍; അറിയേണ്ടത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2021 06:39 AM |
Last Updated: 01st April 2021 07:08 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സീൻ ഇന്ന് മുതൽ. ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി റജിസ്റ്റർ ചെയ്തും വാക്‌സീൻ സ്വീകരിക്കാം. സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുൻപ് 45 വയസിന് മുകളിലുള്ള പരമാവധി പേർക്ക് വാക്സിൻ നൽകുകയാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
www.cowin.gov.in എന്ന വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യാം. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ റജിസ്റ്റർ ചെയ്ത് വാക്‌സീനെടുക്കാൻ എത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓൺലൈൻ റജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.
45 ദിവസം കൊണ്ട് 45 വയസിന് മേൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാക്‌സീൻ നൽകുന്നതിനായി വരും ദിവസങ്ങളിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവടങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വാക്‌സീനുകൾ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് 9,51,500 ഡോസ് വാക്‌സീനുകൾ കൂടി ഉടൻ എത്തും. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്‌സീനും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്‌സീനും എത്തുമെന്നാണ് അറിയിച്ചത്. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്‌സീൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.