അമലിന്റെ മരണത്തിലെ ദുരൂഹത മായുന്നു, വാഹനം ഇടിച്ചെന്ന് സ്ഥിരീകരണം; വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങള്‍, നിര്‍ത്താതെ പോയ ഗുഡ്‌സ് വാനും ഡ്രൈവറും കസ്റ്റഡിയില്‍

പെരുമ്പടപ്പില്‍ റോഡരികില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചത് വാഹനം ഇടിച്ചെന്ന് സ്ഥിരീകരണം
അമല്‍
അമല്‍

മലപ്പുറം:  പെരുമ്പടപ്പില്‍ റോഡരികില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചത് വാഹനം ഇടിച്ചെന്ന് സ്ഥിരീകരണം. അത്താണി വാലിപ്പറമ്പില്‍ ഭരതന്‍-ലതിക ദമ്പതികളുടെ മകന്‍ അമലിനെയാണ് കഴിഞ്ഞ ശനിയാഴ്ച റോഡരികില്‍ രക്തം വാര്‍ന്നൊഴുകിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയ തൊടുപുഴ സ്വദേശി ആന്റോക്കെതിരെ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഗുഡ്‌സ് വാനാണ് യുവാവിനെ ഇടിച്ചുതെറിപ്പിച്ചത് എന്ന് തിരിച്ചറിഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെ 5.40ന് അത്താണിയിലെ ഓഡിറ്റോറിയത്തിന് സമീപത്തെ റോഡരികില്‍ രക്തം വാര്‍ന്നൊഴുകിയ നിലയില്‍ അമല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പെരുമ്പടപ്പ് പൊലീസ് എത്തി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രഭാത സവാരിക്ക് ഇറങ്ങിയ യുവാവിനെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ഗുഡ്‌സ് വാനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വാഹനം തിരിച്ചറിഞ്ഞത്.

വാരിയെല്ല് കരളിലും ശ്വാസകോശത്തിലും കുത്തികയറിയതാണ് ഒരു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ നിന്ന് വാഹനപകടം മൂലമാണ് ഇത് സംഭവിച്ചതെന്ന് പൊലീസ് നിഗമനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ 20ലധികം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുഡ്‌സ് വാനിലേക്ക് എത്തിയത്. ആന്റോ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം റോഡരികില്‍ കിടന്ന അമലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com