സംഘപരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി ; അദാനി കരാറില്‍ ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയി

കേരളത്തെ ലോകത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം / ഫെയ്‌സ്ബുക്ക്‌
പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം / ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍ : ത്രിപുരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തില്‍ ആവര്‍ത്തിക്കുമെന്നാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വളരെ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയസാധ്യത ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബിജെപി. എന്നിട്ടുപോലും ബിജെപിയുടെ ഉന്നത നേതാക്കള്‍ കേരളത്തില്‍ തമ്പടിച്ച് ഇത്തരം ഭീഷണികള്‍ മുഴക്കുന്നത് എന്ത് ഉദ്ദേശത്തിലാണ് എന്നത് കൗതുകകരമാണ്. അട്ടിമറി നടത്തിക്കളയാം എന്നു കരുതിയാണ് ഈ പുറപ്പാടെങ്കില്‍ സംഘപരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് വളര്‍ന്നുപൊങ്ങാന്‍ പറ്റിയ ഇടമല്ല കേരളം. ഒരു വര്‍ഗീയതയേയും ജനങ്ങള്‍ പിന്തുണയ്ക്കില്ല എന്ന് തെരഞ്ഞെടുപ്പ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക തന്നെ ചെയ്യും. ത്രിപുരയില്‍ കോണ്‍ഗ്രസിനെ അപ്പാടെ വിഴുങ്ങിയാണ് ബിജെപി തടിച്ചു ചീര്‍ത്തത്. ഇവിടെ കോണ്‍ഗ്രസും ലീഗും ചേര്‍ന്നുകൊണ്ട് അത്തരം നീക്കങ്ങള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ അത് ചെറുത്ത് തോല്‍പ്പിക്കുകയും എല്‍ഡിഎഫിനോടൊപ്പം അണിനിരക്കുകയും ചെയ്തത് ചരിത്രമാണ്. 

കോലീബി എന്ന പരസ്യ സഖ്യത്തെ നിലംതൊടീക്കാതെ നാടുകടത്തിയ കേരളത്തിന്‍രെ മതനിരപേക്ഷ മനസ്സ് പുത്തന്‍ അവസരവാദ സഖ്യത്തിന്റെ എല്ലാ വ്യാമോഹങ്ങളും അറബിക്കടലിലേക്ക് വലിച്ചെരിയും. വികസനകാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചുകൊല്ലം നടന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനേ പ്രതിപക്ഷം തയ്യാറാകുന്നില്ല. വികസനവും ക്ഷേമവും ജനങ്ങളുടെ അവകാശമാണെന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്. മുപ്പതിനായിരം കോടിയോളം രൂപയാണ് ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

8830 കോടി രൂപ ലൈഫ് പദ്ധതിക്ക് ചെലവഴിച്ചത് ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്. 3000 കോടിയിലധികം രൂപ സ്‌കൂളുകള്‍ ഹൈ ടെക് ആക്കാന്‍ ശ്രമിച്ചതും ഇതേ നിലപാടിന്റെ ഭാഗമാണ്. സാധാരണ ജനങ്ങളുടെ ഡീവിതത്തെ സ്പര്‍ശിക്കുന്ന തരത്തില്‍ വികസനത്തെ മാറ്റാനായി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍രെ അഭിമാനം. ഇങ്ങനെ ഏതെങ്കിലും സ്ഥലത്ത് ബിജെപിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ?. കോണ്‍ഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരം കാഴ്ചപ്പാട് കാണാനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

വികസനമല്ല, ഇരട്ടവോട്ട് ചര്‍ച്ച ചെയ്യാം എന്നാണ് യുഡിഎഫ് വാദിക്കുന്നത്. വോട്ടു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. അതിനുള്ള ഭരണഘടനാപരമായ അധികാരം കമ്മീഷനാണ്. ഇരട്ടിപ്പുണ്ടെങ്കില്‍ ഒഴിവാക്കപ്പെടണം എന്നതില്‍ ആര്‍ക്കും വ്യത്യസ്ത അഭിപ്രായമില്ല. അപാകതകള്‍ കണ്ടെത്തി തിരുത്തപ്പെടുകയാണ് വേണ്ടത്. ഇടതുപക്ഷം പ്രാദേശികതലത്തില്‍ അതിന് ശ്രമിക്കുന്നുണ്ട്. യുഡിഎഫ് അത് പ്രായോഗികതലത്തില്‍ വിനിയോഗിച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

പ്രതിപക്ഷ നേതാവ് നാലുലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ളവോട്ടര്‍മാരായി ചിത്രീകരിച്ചിരിക്കുന്നു. ഒരേ പേരുള്ളവര്‍, സമാനമായ പേരുള്ളവര്‍, ഇരട്ടസഹോദരങ്ങള്‍ ഇവരൊക്കെ അദ്ദേഹത്തിന്‍രെ കണ്ണില്‍ കള്ളവോട്ടര്‍മാരാണ്. പലതരത്തില്‍ ഇരട്ടവോട്ട് വരാറുണ്ട്. വിവാഹം കഴിച്ച് പോയ യുവതി ഭര്‍ത്താവിന്റെ സ്ഥലത്ത് വോട്ടുചേര്‍ത്താലും, സാങ്കേതിക കാരണങ്ങളാല്‍ ചിലപ്പോള്‍ ആദ്യസ്ഥലത്തെ പട്ടികയിലും പേരു കണ്ടേക്കാം. അതുകൊണ്ടുമാത്രം ആ യുവതി വ്യാജവോട്ടര്‍ ആയി എന്നുപറയാനാകുമോ ?. രണ്ട് സ്ഥലത്ത് വോട്ടുചെയ്യാന്‍ പാടില്ല. രണ്ടു സ്ഥലത്ത് വോട്ടുചെയ്യാതെ നോക്കണം. അതാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ട്വിറ്ററിലും മറ്റും ദേശീയ തലത്തില്‍ കേരളത്തിനെതിരെ വലിയ അപവാദപ്രചാരണമാണ് നടന്നുവരുന്നത്. 20 ലക്ഷം ബംഗ്ലാദേശികള്‍ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയെന്നാണ് വലതുപക്ഷ വര്‍ഗീയ ഹാന്‍ഡിലുകള്‍ ആക്ഷേപിക്കുന്നത്. കേരളത്തെ ലോകത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ആരോപണങ്ങള്‍ കേരളത്തിനെതിരായ ആയുധങ്ങളായാണ് കേരള വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവ വിളിച്ചു പറഞ്ഞയാള്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി എന്താണ്. പരാജയ ഭീതി ഉണ്ടാകുമ്പോള്‍ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗ വിശകലനത്തിന് ഡാറ്റാ ശേഖരിച്ചപ്പോള്‍ വിമര്‍ശിച്ചത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  ആരോപണങ്ങള്‍ ഇനിയും ധാരാളം വരും. അദാനിക്ക് വൈദ്യുതിവിതരണ കരാറാണോ നേരത്തെ കരുതിവച്ച ബോംബെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയെങ്കില്‍ അത് ചീറ്റിപ്പോയി. എല്ലാ കരാറുകളും കെഎസ്ഇബി വെബ്‌സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോഡ്ഡ്‌ഷെഡ്ഡിങ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com