മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു; കസ്റ്റഡിയിലും ജയിലിലും സമ്മർദം; ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന് സന്ദീപ് നായരുടെ മൊഴി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2021 07:28 PM  |  

Last Updated: 02nd April 2021 07:28 PM  |   A+A-   |  

Crime branch seeks permission to question Sandeep Nair

സന്ദീപ് നായര്‍/ഫയല്‍

 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മർദം ചെലുത്തിയെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നു. സർക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാൻ സമ്മർദമുണ്ടായെന്നും മൊഴിയിലുണ്ട്. 

മുഖ്യമന്ത്രി, സ്പീക്കർ, കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപിൻറെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. സന്ദീപിൻറെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയിൽ റെക്കോർഡ് ചെയ്തു.

എൻഫോഴ്സ്മെന്റ് അറിയാതെയാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ഇഡിയ്ക്ക് നൽകിയിട്ടില്ല. ഇഡിയുടെ വിശദീകരണം കേൾക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നുമാണ് ഇഡിയുടെ വാദം. ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ ആരോപിക്കുന്നു.

കസ്റ്റഡിയിലുള്ളപ്പോൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് കത്ത് നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. 

ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നത് പൂർത്തിയായി. പൂജപ്പുര സെൻട്രൽ ജയിലിൽ ആണ് ചോദ്യം ചെയ്തത്. ഇഡിക്കെതിരായി രണ്ട് കേസുകളാണ് എടുത്തിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് പ്രധാനമായി അന്വേഷിച്ചത്.