അദാനിയുമായി കരാറില്ല, ചെന്നിത്തലയ്ക്ക് സമനില തെറ്റി, ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കരാറുകള്‍ കേരളത്തിന് നഷ്ടം; മറുപടിയുമായി എം എം മണി 

 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് പോലെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ അദാനിയുമായി കെഎസ്ഇബിയോ സര്‍ക്കാരോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി
എം എം മണി/ഫയല്‍ ചിത്രം
എം എം മണി/ഫയല്‍ ചിത്രം

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് പോലെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ അദാനിയുമായി കെഎസ്ഇബിയോ സര്‍ക്കാരോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. കേന്ദ്ര ഏജന്‍സിയില്‍ നിന്നാണ് കേരളം വൈദ്യുതി വാങ്ങുന്നത്. രമേശ് ചെന്നിത്തല കഥ അറിയാതെ ആട്ടം കാണുകയാണെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.

അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടു എന്നതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭത്തിന് സര്‍ക്കാര്‍ വഴിയൊരുക്കിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനെ തള്ളിയാണ് എം എം മണി രംഗത്തുവന്നത്. കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. രമേശ് ചെന്നിത്തല തുടര്‍ച്ചയായി വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. ഇപ്പോള്‍ അദ്ദേഹത്തിന് സമനില തെറ്റിയെന്നും എം എം മണി പരിഹസിച്ചു.

വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈദ്യുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒപ്പിട്ട കരാറുകളുടെ നഷ്ടം കേരളം നേരിടുകയാണ്. ഇന്ന് കരാര്‍ അനുസരിച്ചുള്ള വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമെന്നും ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കരാറുകളെ വിമര്‍ശിച്ച് എം എം മണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ആളുകള്‍ക്ക് മുഴുവനായി വൈദ്യുതി നല്‍കാന്‍ സാധിച്ചോ?. അന്ന് ലോഡ് ഷെഡ്ഡിംഗ് ഉണ്ടായിരുന്നില്ലേ. ഇന്ന് സമ്പൂര്‍ണ വൈദ്യുതികരണം സാധ്യമായ സംസ്ഥാനമാണ് കേരളമെന്നും  എം എം മണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com