ശബരിമലയില്‍ പോയി 'സ്വാമിയേ ശരണമയ്യപ്പാ' വിളിക്കാം; തെരഞ്ഞെടുപ്പ് വേദിയില്‍ പാടില്ല; മോദിയ്‌ക്കെതിരെ എംഎ ബേബി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 09:00 PM |
Last Updated: 02nd April 2021 09:00 PM | A+A A- |
എം എ ബേബി / ഫയല്‍ ചിത്രം
കൊല്ലം:കോന്നിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശരണം വിളിയെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്നു വന്ന മതസൗഹാര്‍ദ സമീപനത്തെ നഗ്‌നമായി പിച്ചിക്കീറുന്ന പ്രവൃത്തിയായിരുന്നു പ്രചാരണ യോഗത്തിലെ ശരണം വിളിയെന്ന് ബേബി പറഞ്ഞു.
ശബരിമലയില്‍ പോയി 'സ്വാമിയേ ശരണമയ്യപ്പാ' എന്നു വിളിക്കാം. ഒരാള്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ മറ്റൊരാള്‍ വന്ന് 'അല്ലാഹു അക്ബര്‍' എന്നു വിളിക്കുന്നതോ വേറൊരാള്‍ 'യേശുക്രിസ്തു ജയ, യേശുക്രിസ്തു ജയ' എന്നു വിളിക്കുന്നതോ ശരിയല്ല.
തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നയം ചര്‍ച്ച ചെയ്യേണ്ട വേദിയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയില്‍ ഉറപ്പു നല്‍കുന്നുണ്ടോയെന്നും അടുത്തിടെ കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണം പരാമര്‍ശിച്ച് ബേബി ചോദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.