ബഹളംവെച്ച് ബസ് നിർത്തിച്ചു, ഇറങ്ങിയതിന് പിന്നാലെ കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ച് യാത്രക്കാരൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 07:58 AM |
Last Updated: 02nd April 2021 07:58 AM | A+A A- |

ഫയല്‍ ചിത്രം
മലപ്പുറം; സ്റ്റോപ്പിൽ ബസ് നിർത്താത്തതിന്റെ ദേഷ്യത്തിൽ യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. മലപ്പുറം വെളിയങ്കോടാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന ടൗൺ ടു കെഎസ്ആർടിസി ബസിന്റെ പിന്നിലെ ചില്ലാണ് ഇറങ്ങിയതിനുശേഷം യാത്രക്കാരൻ കല്ലുകൊണ്ട് തകർത്തത്.
പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പുതിയിരുത്തിയിൽ ഇറങ്ങാൻ യാത്രക്കാരൻ ആവശ്യപ്പെട്ടെങ്കിലും ടൗൺ ടു ബസിന് ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു. ബഹളം വെച്ചതോടെ പാലപ്പെട്ടി സ്വാമിപ്പടിയിൽ ഇറക്കി. ഇറങ്ങിയ ഉടനെ യാത്രക്കാരൻ റോഡരികിൽ കിടന്ന് കല്ല് എടുത്ത് ചില്ലിന് എറിയുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറഞ്ഞു. കല്ലെറിഞ്ഞ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി. ഗുരുവായൂർ ഡിപ്പോയിലാണ് ബസാണ്.