തൂങ്ങി മരണം ലൈവായി ചിത്രീകരിച്ചു; ബഡ് ഷീറ്റ് കഴുത്തിൽ മുറുകി പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; ദാരുണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 08:25 PM |
Last Updated: 02nd April 2021 08:25 PM | A+A A- |
സിദ്ധാർഥ്
ആലപ്പുഴ: തൂങ്ങി മരണം ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാർത്ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയകുമാറിന്റേയും പ്രമീളയുടേയും മകൻ സിദ്ധാർഥ് (സിദ്ദു-17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ തലവടി കിളിരൂർ വാടക വീട്ടിൽ വെച്ചാണ് സംഭവം. കൂട്ടുകാരെ കാണിക്കാനായി വീഡിയോ എടുക്കാനുള്ള ശ്രമത്തിനിടെ മരണം സംഭവിച്ചു എന്നാണ് വീട്ടുകാർ സംശയിക്കുന്നത്.
രാത്രി ഭക്ഷണത്തിന് ശേഷം മൊബൈൽ ഫോണുമായി മുറിയിൽ കയറിയ സിദ്ധാർഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മാതാവ് മുറിയുടെ വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പ്രമീള ബെഡ്ഷീറ്റ് അറുത്ത് സിദ്ധാർഥിനെ കട്ടിലിൽ കിടത്തി. ഓടിക്കൂടിയ നാട്ടുകാർ എടത്വാ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും, നാട്ടുകാരും ചേർന്ന് സിദ്ധാർഥിനെ എടത്വാ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടന്ന മുറിയുടെ ജനാലയോട് ചേർന്ന് ലൈവ് ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്തി. ഏപ്രിൽ ഫൂൾ ദിനത്തിൽ സഹപാഠികളെ കബളിപ്പിക്കാൻ ചിത്രീകരിച്ചതാവാമെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പച്ച- ചെക്കിടിക്കാട് ലൂർദ്ദ്മാതാ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് മരിച്ച സിദ്ധാർഥ്.