അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഇടവേള ഒരു മാസം മാത്രം; പരാതിയുമായി ഡിഗ്രി വിദ്യാര്‍ഥികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 08:03 AM |
Last Updated: 02nd April 2021 08:03 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതി. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപ് അവസാന സെമസ്റ്റർ പരീക്ഷ നടത്തുന്നതാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നത്.
മാർച്ച് പതിനെട്ടിനാണ് ഡിഗ്രി വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞത്. പിന്നാലെ ആറാം സെമസ്റ്റർ പരീക്ഷ ഈ മാസം പതിനഞ്ച് മുതൽ നടത്താൻ കേരള സർവകലാശാല തീരുമാനിച്ചു. ഇതോടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കിട്ടുന്നത് ഒരു മാസത്തിൽ താഴെ മാത്രം സമയം. ഇതിനിടയിൽ വേണം പ്രോജക്ടും ലാബ് പരീക്ഷകൾക്കുമടക്കം തയ്യാറാവാൻ.
ആറാം സെമസ്റ്റർ ഡിസംബറിൽ തുടങ്ങിയതാണ്. എന്നാൽ കോവിഡിനെ തുടർന്ന് ക്ലാസുകൾ സജീവമായിരുന്നില്ലെന്നും സിലബസ് പൂർത്തിയായിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. പരീക്ഷ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട് സർവകലാശാല അധികൃതരെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ലെന്നാണ് ആരോപണം.