സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല, രോഗ വ്യാപനത്തിനുള്ള സാധ്യത കൂടുതല്‍ ; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 10:12 AM |
Last Updated: 02nd April 2021 10:20 AM | A+A A- |
പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം / ഫെയ്‌സ്ബുക്ക്
കണ്ണൂർ : മറ്റുസംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. അതുകൊണ്ട് ജനം കൂടുതല്‍ ശ്രദ്ധ കാട്ടേണ്ടതുണ്ട്. നാട്ടില്‍ രോഗബാധിതരല്ലാത്ത ആളുകളാണ് കൂടുതലുള്ളത്. അതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരുദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ വീണ്ടും മാറിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ നാം ജാഗ്രത പുലര്‍ത്തണം.
സംസ്ഥാനത്ത് അടുത്തതരംഗം ആരംഭിക്കുന്നതിന് മുമ്പ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നത് കേരളത്തിലാണ്. രോഗവ്യാപനം ഇനിയും കൂടുന്നതിന് മുമ്പ് പരമാവധി ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
രാജ്യത്ത് ഇന്നലെ 81,466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിരുടെ ആകെ എണ്ണം 1,23,03,131 ആയി ഉയര്‍ന്നു. നിലവില്‍ 6,14,696 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 469 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,63,396 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.