പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല, എല്ലാവരും സഖാക്കന്മാര്‍ ; കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 01:19 PM |
Last Updated: 02nd April 2021 01:26 PM | A+A A- |
കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
കണ്ണൂര്‍ : ക്യാപ്റ്റന്‍ എന്ന വിശേഷണം പാര്‍ട്ടി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണ് അതെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ പ്രസിദ്ധീകരണത്തില്‍ അങ്ങനെ ഒരു വാചകം ഉപയോഗിച്ചിട്ടുണ്ടോ?. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സഖാക്കന്മാരാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി പത്തുവര്‍ഷം ഭരിക്കാന്‍ അവസരം കിട്ടുന്ന ഫലമാണ് വരാനിരിക്കുന്നത്. ഇടതുസര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തീകരിച്ചപ്പോള്‍ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലാണ് തുടര്‍ഭരണ സാധ്യത ആദ്യം പ്രവചിച്ചത്. ഇത് യുഡിഎഫ് ക്യാമ്പിനെയും ബിജെപിയെയും ജാഗരൂകരാക്കി. അതിന് ശേഷം ഇടതുമുന്നണിക്ക് അത്തരമൊരു സാധ്യത ഉണ്ടാകാതിരിക്കണമെന്ന നിലയില്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തി വന്നതെന്ന് കോടിയേരി ആരോപിച്ചു.
ഇനി മല്‍സരിക്കാനില്ല എന്ന ഇപി ജയരാജന്റെ പ്രസ്താവനയെയും കോടിയേരി തള്ളി. ജയരാജന്റേത് വെറും അഭിപ്രായപ്രകടനം മാത്രമാണെന്ന് കോടിയേരി പറഞ്ഞു. ഏതൊരു സഖാവിനും പറയാനുള്ളത് പാര്‍ട്ടി കേള്‍ക്കുമല്ലോ. എതൊരാളുടെയും അഭിപ്രായം കേട്ടശേഷമായിരിക്കും പാര്‍ട്ടി തീരുമാനമെടുക്കുക. തീരുമാനം എടുത്തുകഴിഞ്ഞാല്‍ എല്ലാവര്‍ക്കും അത് ബാധകമായിരിക്കും.
വിനോദിനിയുടെ ഐ ഫോണ്‍ സ്വന്തമായി വാങ്ങിച്ചതാണെന്നും കോടിയേരി പറഞ്ഞു. സർക്കാരിനെതിരെയുള്ള ആരോപണങ്ങളെന്ന പേരിൽ പ്രതിപക്ഷം ഇപ്പോൾ പൊട്ടിക്കുന്നത് വെറും പടക്കങ്ങൾ മാത്രമാണ്. ബോംബ് ഉണ്ടെങ്കിൽ പ്രതിപക്ഷം പെട്ടെന്ന് പൊട്ടിക്കണം. ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം പേടിക്കില്ല. ആരോപണങ്ങള്‍ വന്നാല്‍ പേടിച്ച് പനിപിടിച്ച് വീട്ടില്‍ കിടക്കാന്‍ തങ്ങളെ കിട്ടില്ലെന്നും കോടിയേരി പറഞ്ഞു.