രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം

അദാനിയുമായി കരാര്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍; മറ്റൊരു കരാര്‍ കൂടി കെഎസ്ഇബി ഒപ്പിട്ടുവെന്ന് ചെന്നിത്തല

മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ്. അദാനി വഴിയാണ് കേസുകള്‍ എല്ലാം മുക്കുന്നത്


ആലപ്പുഴ: അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് മറ്റൊരു കരാര്‍ കൂടി ഒപ്പിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെബ്രുവരിയില്‍ ചേര്‍ന്ന കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണിത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാര്‍ ഉറപ്പിച്ചതെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. 

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 15-02-2021 ല്‍ നടന്ന ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡിന്റെ യോഗത്തിന്റെ മിനുട്ട്‌സില്‍ അജണ്ട 47ല്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. അദാനിയുമായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന മന്ത്രി എംഎം മണി പറഞ്ഞത് കാര്യമാക്കുന്നില്ല. മുഖ്യമന്ത്രി അദാനിയെ പരസ്യമായി എതിര്‍ക്കും രഹസ്യമായി പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

സാമ്പത്തികവും രാഷ്ട്രീയവുമായ ലാഭം ഈ കരാറിലൂടെ ഉണ്ടായിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിണറായിക്കെതിരായ ഒരു അന്വേഷണം എവിടെയും എത്താത്തതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത്. മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ്. അദാനി വഴിയാണ് കേസുകള്‍ എല്ലാം മുക്കുന്നത്. ഈ ബന്ധം തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും ചെന്നിത്തല വിമര്‍ശിച്ചു. 

ആര്‍പിഒയുടെ പേരില്‍ അദാനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടെ താല്‍പര്യമാണെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള കരാര്‍ ഉറപ്പിച്ചത്. എത്ര കമ്മീഷന്‍ കിട്ടി എന്ന് മുഖ്യമന്ത്രി ഇനി പറഞ്ഞാല്‍ മതി. ആര്‍പിഒ ഇടതു കൈകൊണ്ടും വലതുകൈ കൊണ്ടും അദാനിയെ സഹായിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

വല്ലഭന് പുല്ലും ആയുധം എന്ന പോലെ എന്തിലും ഏതിലും അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ വൈഭവമാണ് വ്യക്തമാകുന്നത്. സംസ്ഥാനത്തെ ജനങ്ങുടെ പോക്കറ്റടിക്കാനുള്ള തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അദാനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com