'പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് സഹായം നൽകിയോ? ചോദ്യങ്ങൾ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നു'- ആരോപണവുമായി വീണ്ടും അമിത് ഷാ

'പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് സഹായം നൽകിയോ? ചോദ്യങ്ങൾ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നു'- ആരോപണവുമായി വീണ്ടും അമിത് ഷാ
സുൽത്താൻ ബത്തേരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പ്രസം​ഗിക്കുന്നു/ എഎൻഐ
സുൽത്താൻ ബത്തേരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പ്രസം​ഗിക്കുന്നു/ എഎൻഐ

കൽപ്പറ്റ: മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങൾ ചോദിച്ചും കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിയെ പരി​ഹസിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുൽത്താൻ ബത്തേരിയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേയാണ് അമിത് ഷാ ഇരുവർക്കുമെതിരെ ആരോപണമുന്നയിച്ചത്. 

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിന് സഹായം നൽകിയോ എന്ന് അദ്ദേഹം ചോദിച്ചു. എയർപോർട്ടിൽ പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ  മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നോ? ആരോപണവിധേയയായ വനിത എന്തിനാണ് നിരന്തരം മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നത് എന്നും അമിത് ഷാ ചോദിച്ചു. ചോദ്യങ്ങൾ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നുവെന്നും മീനങ്ങാടിയിലെ പ്രചാരണ റാലിയിൽ അദ്ദേഹം പറഞ്ഞു. നിങ്ങളുടേത് ആദർശത്തിന്റെ രാഷ്ട്രീയമാണോ അധികാരത്തിന്റെ രാഷ്ട്രീയമാണോ എന്ന് ചോദിച്ച അമിത് ഷാ ഇരു പാർട്ടികളും ചേർന്ന് കോമ്രേഡ് കോൺഗ്രസ് പാർട്ടിയാകണമെന്നും പറഞ്ഞു. 

അമേഠിയിൽ പതിനഞ്ച് കൊല്ലം ഒന്നും ചെയ്യാതെയാണ് രാഹുൽ വയനാട്ടിൽ എത്തിയതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. വയനാട്ടിൽ രാഹുൽ ഗാന്ധി ഒരു വിനോദ സഞ്ചാരിയായി വന്നിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു വികസന പ്രവർത്തനവും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ജനങ്ങൾ കേവലം വോട്ടു ബാങ്ക് മാത്രമാണ്. സർക്കാർ പണം ഉണ്ടാക്കാനുള്ള ബാങ്കാണ്. 10 വർഷം യുപിഎ സർക്കാർ രാജ്യം ഭരിച്ചു. വികസനം നടത്താനാണ് ജനങ്ങൾ അവർക്ക് വോട്ട് നൽകിയത്. പക്ഷേ, അവർ വികസനം കൊണ്ടുവന്നില്ലെന്നും 12 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്നും അമിത് ഷാ ആരോപിച്ചു. 

യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ച് കേരളത്തിന്റെ വികസനം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫും എൽഡിഎഫും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്. യുഡിഎഫും എൽഡിഎഫും ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പരസ്പരം ഏറ്റുമുട്ടുന്ന ഇവർ ബംഗാളിൽ അവർ ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com