പോളിങ് ദിവസം അതിര്‍ത്തികള്‍ അടയ്ക്കും, നിയന്ത്രണം കേന്ദ്രസേനയ്ക്ക് ; അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി

വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ചയും തലേന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും
കേരള ഹൈക്കോടതി/ഫയല്‍
കേരള ഹൈക്കോടതി/ഫയല്‍

കൊച്ചി: അരൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ 39 ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനാണ് ഹര്‍ജി നല്‍കിയത്.

സ്വന്തം ചെലവില്‍ വെബ് കാസ്റ്റിങ് നടത്താമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഹര്‍ജിയില്‍ അറിയിച്ചു. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. 

മണ്ഡലത്തിലെ 39  ബുത്തുകളില്‍   ആറായിരത്തോളം ഇരട്ടവോട്ടുകളെന്ന് ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന ബൂത്തുകളില്‍ സ്വന്തം ചെലവില്‍ ചിത്രീകരണം അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു. 

ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. തമിഴ്‌നാട് അതിര്‍ത്തി മണ്ഡലങ്ങളായ ദേവികുളം പീരുമേട്, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് വോട്ടര്‍മാര്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാന്‍ കര്‍ശനമായ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. 

വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ചയും തലേന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. സിസിടിവികള്‍ സ്ഥാപിക്കും.രണ്ടുദിവസങ്ങളില്‍ അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും.  മതിയായ കാരണങ്ങളില്ലാതെ ആരെയും അതിര്‍ത്തി കടത്തില്ല. പോളിങ് ദിവസം അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ അടയ്ക്കും. ചെക്‌പോസ്റ്റുകളുടെ നിയന്ത്രണം കേന്ദ്രസേനയ്ക്ക് കൈമാറുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com