'ചട്ടങ്ങളെ അവഹേളിക്കുന്ന മറുപടി'- കസ്റ്റംസിന് നോട്ടീസ് അയച്ച് നിയമസഭാ സമിതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2021 07:19 PM |
Last Updated: 03rd April 2021 07:19 PM | A+A A- |

കേരള നിയമസഭ /ഫയല്‍ ചിത്രം
തിരുവനന്തപുരം: നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലെജ് കമ്മിറ്റി കസ്റ്റംസിന് നോട്ടീസ് അയച്ചു. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖാനിച്ചുവെന്നും കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നു. മാധ്യമങ്ങൾക്ക് കസ്റ്റംസ് വിവരങ്ങൾ കൈമാറിതും അവഹേളനമാണ്. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് രാജു എബ്രഹാം നൽകിയ പരാതിയിലാണ് നടപടി.
ഡോളർക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരത്തെ സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ഇത് ശരിയായ പ്രവണത അല്ലെന്ന് കാണിച്ച് നിയമസഭ കസ്റ്റംസിന് മറുപടി നൽകി. എന്നാൽ നിയമസഭയ്ക്ക് പ്രത്യേക പരിരക്ഷകളില്ല, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ അതിനോട് സഹകരിക്കണമെന്നും കാണിച്ച് കസ്റ്റംസ് നിയമസഭ സെക്രട്ടേറിയറ്റിന് വീണ്ടും കത്ത് നൽകിയിരുന്നു.
കസ്റ്റംസിന്റെ ഭാഗത്തു നിന്നുണ്ടായത് നിയമസഭയുടെ പ്രിവിലെജിനെ ബാധിക്കുന്ന മറുപടിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസിന് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. ആദ്യം നൽകിയ നോട്ടീസിലെ ചട്ട ലംഘനം നിയമസഭാ സെക്രട്ടേറിയറ്റ് കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെടുത്തി.
എന്നാൽ സഭയുടെ നോട്ടീസിന് കസ്റ്റംസ് മറുപടി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ ഉള്ളതിനാൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് കസ്റ്റംസിന്റെ ഭാഗത്തു നിന്നു ലഭിക്കുന്ന പ്രതികരണം.