'അവര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു, അഭിസാരികയായി ചിത്രീകരിച്ചു'; തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി

'എന്നെ അവര്‍ ഉപയോഗിക്കുകയായിരുന്നു. എന്നെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് ചില പദ്ധതികളുണ്ടായിരുന്നു'
അനന്യ കുമാരി അലക്‌സ് / ഫേയ്സ്ബുക്ക്
അനന്യ കുമാരി അലക്‌സ് / ഫേയ്സ്ബുക്ക്

മലപ്പുറം; വേങ്ങരയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യ കുമാരി അലക്‌സ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് താന്‍ പിന്‍വാങ്ങി.  ജനാധിപത്യ സോഷ്യല്‍ ജസ്റ്റിസ് എന്ന പാര്‍ട്ടി നേതാക്കളില്‍നിന്നുണ്ടായ മാനസിക പീഡനത്തെ തുടർന്നാണ് പിൻമാറ്റമെന്നാണ് അനന്യ പറയുന്നത്. സാങ്കേതികമായി പത്രിക പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ താനിപ്പോള്‍ പ്രചാരണം നിര്‍ത്തിയെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ എതിര്‍ത്തപ്പോള്‍ തന്നെ ഇല്ലാതാക്കി കളയുമെന്ന് ഭീഷണി മുഴക്കി. അഭിസാരികയായും മറ്റും മോശം രീതിയിൽ ചിത്രീകരിച്ചുവെന്നും മാതൃഭൂമിയോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ മോശം രീതിയില്‍ സംസാരിക്കണമെന്ന് പറഞ്ഞു. സര്‍ക്കാരിനെ കുറ്റം പറയണം. പര്‍ദ്ദയിട്ട് ഇറങ്ങണം എന്നും പറഞ്ഞു. ഇതൊന്നും ചെയ്യില്ലെന്നറിയിച്ചു. എന്റെ വ്യക്തിത്വം അടിയറവ് വെച്ച് ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് പീഡനങ്ങളുണ്ടായത്.  എന്നെ അവര്‍ ഉപയോഗിക്കുകയായിരുന്നു. എന്നെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് ചില പദ്ധതികളുണ്ടായിരുന്നു. അത് എനിക്ക് മനസ്സിലായിട്ടില്ല. - അനന്യ കുമാരി വ്യക്തമാക്കി. 

ബുക്ക് മൈ ഡേ എന്ന ഇവന്റ് കമ്പനി ഉടമയാണ്‌ തന്നെ ജനാധിപത്യ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുമായി കണക്ട് ചെയ്ത് എന്നാണ് അനന്യ പറയുന്നത്. ഔദ്യോഗിക പദവി വഹിക്കുന്നില്ലെങ്കിലും പാര്‍ട്ടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദല്ലാള്‍ നന്ദകുമാറെന്ന ടി.ജി.നന്ദകുമാറാണെന്ന് അവര്‍ ആരോപിച്ചു. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്. വേങ്ങര മത്സരത്തിനായി തിരഞ്ഞെടുത്തത് പാർട്ടിയാണെന്നും അവർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com