'പിണറായി ടീം ലീഡർ, ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താൻ ശ്രമം'; പി ജയരാജൻ

'എൽഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്'
പി ജയരാജൻ, പിണറായി വിജയൻ/ ഫയൽ ചിത്രം
പി ജയരാജൻ, പിണറായി വിജയൻ/ ഫയൽ ചിത്രം

ക്യാപ്റ്റർ പാർട്ടിയാണെന്ന പ്രസ്താവനയിൽ വിശദീകരണവുമായി സിപിഎം നേതാവ് പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ടീം ലീഡറെന്ന് പി ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇന്നലത്തെ തന്റെ പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയതെന്നും എൽഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തു. അതിനാൽ പിണറായിയോട് ജനങ്ങൾ ആദരവും സ്നേഹവായ്‌പും പ്രകടിപ്പിക്കും. ഇതിൽ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷത്തിന്റെ ശ്രമമെന്നും ജയരാജൻ കുറ്റപ്പെടുത്തി. 

പി ജയരാജന്റെ കുറിപ്പ് വായിക്കാം

ഇന്നലത്തെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്.
എൽഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്ഥികളെയാണ് അണിനിരത്തിയത്.
അതിന്റെ ടീം ലീഡറാണ് സ:പിണറായി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നൽകിയ പിണറായിക്കെതിരെ കേന്ദ്ര സർക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.
സ്വാഭാവികമായും പിണറായിയോട് ജനങ്ങൾ ആദരവും സ്നേഹവായ്‌പും പ്രകടിപ്പിക്കും.ഇതിൽ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല.ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്.
പാർട്ടി എന്നെ ഒതുക്കിയെന്നും,സ്ഥാനാർത്ഥിത്വം നൽകാത്തതിൽ ജനങ്ങളിൽ അതൃപ്തി ഉണ്ടെന്നും കെ സുധാകരൻ പ്രതികരിച്ചു കണ്ടു.കോൺഗ്രസ്സ് സ്ഥാനാർഥി പട്ടികയിൽ തനിക്കുള്ള നൈരാശ്യം സുധാകരൻ തന്നെ പരസ്യമാക്കിയതാണ്.അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവെക്കണ്ടതില്ല.
സിപിഐഎം സ്ഥാനാർഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചാണ്.എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്.അതനുസരിച്ച് എൽഡിഎഫിന്റെ ഭരണത്തുടർച്ചയ്ക്കായി ഞങ്ങൾ എല്ലാവരും പ്രവർത്തിക്കുകയാണ്.
പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും.
വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ എല്ലാ സർവ്വേ റിപ്പോർട്ടുകളിലും പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചിച്ച സാഹചര്യത്തിൽ ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം.ഇത് വിജയിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com