യുഡിഎഫില്‍ ക്യാപ്റ്റനെ വെയ്ക്കുന്ന രീതിയില്ല; ഉള്ളത് കൂട്ടായ നേതൃത്വം: ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം
ഉമ്മന്‍ചാണ്ടി / ഫയല്‍ ചിത്രം


പുതുപ്പള്ളി: ക്യാപ്റ്റനെ വെയ്ക്കുന്ന രീതി യുഡിഎഫിന് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ഒരിക്കലും നേതൃത്വം സംബന്ധിച്ച പ്രശ്നം ഉണ്ടായിട്ടില്ല. ക്യാപ്റ്റനെ വെക്കുന്ന രീതി യുഡിഎഫില്‍ ഇല്ല. കൂട്ടായ നേതൃത്വമാണ് യുഡിഎഫില്‍ ഉള്ളത്.-അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഐക്യവും മികച്ച പ്രകടന പത്രികയും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. മികച്ച സ്ഥാനാര്‍ഥികളേയും രംഗത്തിറക്കി. കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കേരളത്തിലൊട്ടാകെ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് കൊല്ലത്തെ ഭരണ പരാജയവും ഇന്ന് അവര്‍ നേരിടുന്ന ആക്ഷേപങ്ങളും ജനങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്. ബിജെപി അധികാരവും പണവും ഉപയോഗിച്ച് പ്രചരണരംഗത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അതല്ലാതെ ജനങ്ങളിലേക്ക് കടന്നുചെന്നിട്ടില്ല. കാടിളക്കിയുള്ള പ്രചാരണത്തില്‍ കാര്യമില്ല. പ്രധാനമന്ത്രി തന്നെ ശബരിമല വിഷയം എടുത്തിട്ടു. പക്ഷെ ശബരിമല പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം എന്ത് ആത്മാര്‍ഥതയാണ് കാണിച്ചിട്ടുള്ളത്. വിശ്വാസികള്‍ വലിയ പ്രശ്നം നേരിടുന്ന സമയത്ത് അദ്ദേഹം ഇടപെട്ടോ,  അദ്ദേഹത്തിന് അധികാരമുണ്ട് എന്നാല്‍ അതൊന്നും വിനിയോഗിച്ചിട്ടില്ല. ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണം വോട്ടായി മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com